കുമളിയിൽ കുടിവെള്ള വിതരണം മുടങ്ങി
1480851
Thursday, November 21, 2024 7:32 AM IST
കുമളി: തേക്കടി-ചക്കുപള്ളം ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെട്ട കുമളിയിലും സമീപപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമാണ് കുമളി. തേക്കടിയിൽ നിന്നുമുള്ള പ്രധാന പന്പ് ഹൗസിലെ തകരാറുകൾ പരിഹരിക്കാത്തതാണ് പ്രതിസന്ധിക്ക്കാരണം.
തേക്കടിയിൽനിന്നു കുമളി അമരാവതി സ്കൂളിനു സമീപമുള്ള പ്രധാന ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം എത്തിച്ചാണ് കുമളി ടൗണ്‍,കൊല്ലം പട്ടട, തേക്കടി, അട്ടപ്പള്ളം അമരാവതി, ഒട്ടകത്തലമേട്, ഒന്നാംമൈൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. തേക്കടിയിലെ പ്രധാന പന്പ് ഹൗസിലെ 90 എച്ച്പി മോട്ടർ തകരാറായതാണ് കുടിവെള്ളം മുടങ്ങാൻ പ്രധാന കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മോട്ടോർ മാറ്റിവയ്ക്കുന്നതിനോ തകരറിലായ മോട്ടോറിന്റെ പ്രശ്നം പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ല.
കരാറുകാരുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് കൃത്യമായ സമയത്ത് തകരറുകൾ മാറ്റി കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കഴിയാതെ വരുന്നതെന്നാണ് ആരോപണം. പ്രതിസന്ധി തുടർന്നാൽ അയ്യപ്പഭക്തരും ആയിരക്കണക്കിന് ജനങ്ങളും ബുദ്ധിമുട്ടിലാകും.