വന്യമൃഗ ആക്രമണം: മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സർവകക്ഷി യോഗം
1480642
Wednesday, November 20, 2024 7:31 AM IST
പീരുമേട്: പീരുമേട് നിയോജക മണ്ഡലത്തിൽ വന്യമൃഗശല്യം മൂലം നേരിടുന്ന ദുരിതങ്ങളുടെ വ്യാപ്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ടു ധരിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. ഡിഎഫ്ഒ ഓഫീസ് കോട്ടയത്തും റേഞ്ച് ഓഫീസ് എരുമേലിയിലും പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രിയെ അറിയിക്കും. വന്യമൃഗശല്യം ചർച്ചചെയ്യാൻ താലൂക്ക് ഓഫീസിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.
വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിൽ വനംവകുപ്പ് അലംഭാവം തുടർന്നാൽ വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേറ്റവർക്കു മതിയായ ചികിത്സാ ധനസഹായവും കർഷകർക്കു കൃഷിനാശത്തിനു നഷ്ടപരിഹാരവും നൽകുന്നില്ല. ആർആർടിയുടെ ഒരു സംഘത്തെ കൂടി നിയമിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
ജില്ലാ ഭരണകൂടം ഇടപെടും
വന്യമൃഗശല്യം ഒഴിവാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണകൂടം ഉറപ്പാക്കുമെന്ന് എഡിഎം ഷൈജ പി. ജേക്കബ് അറിയിച്ചു. പീരുമേട്ടിലെ സാഹചര്യം ജില്ലാ കളക്ടർ വഴി സർക്കാരിനു സമഗ്ര റിപ്പോർട്ടാക്കി കൈമാറും. വളർന്നു കിടക്കുന്ന കുറ്റിക്കാടുകൾ വെട്ടിനീക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റുകൾക്കും സ്വകാര്യ വ്യക്തികൾക്കും നോട്ടീസ് നൽകാൻ എഡിഎം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആനയെ ഉൾവനത്തിലാക്കണം
പീരുമേട്ടിൽ വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുന്ന ആനയെ ഉൾവനത്തിൽ എത്തിക്കണമെന്നു പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ആവശ്യപ്പെട്ടു. പ്ലാക്കത്തടത്ത് സോളാർ വേലി സ്ഥാപിക്കുന്നതിനു മുൻപ് മൂന്ന് ആനകളെയും വനത്തിൽ എത്തിക്കണം.
കാട്ടുപന്നിയെ വെടിവച്ചശേഷം വനപാലകരെ അറിയിച്ചെങ്കിലും അവർ സഹായകരമായ നിലപാട് സ്വീകരിച്ചില്ലെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ കുറ്റപ്പെടുത്തി.
ഡ്രോൺ ഉപയോഗിക്കും
ജനവാസ മേഖലകളിൽ ആന എത്തുന്നത് നിരീക്ഷിക്കാൻ ആധുനിക ഡ്രോൺ ഉപയോഗിക്കുമെന്നു പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ 24 മണിക്കൂറും പട്രോളിംഗ് നടത്തും. 20 അംഗ സംഘത്തെ ഇതിനായി നിയോഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ് ജോസഫ്, രജനി ബിജു, തഹസിൽദാർ (എൽആർ ) എസ്. ശ്രീകുമാർ എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.