കുരിശിനെ അവഹേളിച്ചു ; പാറത്തോട്ടിൽ ഇന്ന് പ്രതിഷേധറാലി
1480316
Tuesday, November 19, 2024 7:28 AM IST
പാറത്തോട്: സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കീഴിൽ പൂതാളി മലയിലുള്ള കുരിശിൽ സ്ഥാപിച്ചിരുന്ന സോളാർ എൽഇഡി ലൈറ്റുകൾ നശിപ്പിച്ചതിൽ പ്രതിഷേധം ശക്തം.
സംഭവത്തിൽ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കുറ്റക്കാരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടെ 12,000 രൂപ ചെലവഴിച്ച് ലൈറ്റുകൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവ വീണ്ടും നശിപ്പിച്ചു. കുരിശിനെ അവഹേളിക്കുന്നതു തുടർക്കഥയായിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാൻ തയാറാകാത്തതാണ് അതിക്രമം ആവർത്തിക്കപ്പെടാൻ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
ഈ സാഹചര്യത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തിലും കുരിശിനെ അവഹേളിച്ചതിലും പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അഞ്ചിന് പാറത്തോട് ടൗണിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും.
ഇടുക്കി രൂപതാ വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്യും. വിവിധ മത, സാമൂഹിക, സാംസ്കാരിക നേതാക്കൾ പ്രസംഗിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, അസി. വികാരി ഫാ. ജോസഫ് പള്ളിവാതുക്കൽ, കൈക്കാരന്മാരായ സോജൻ ഉൗന്നാനാൽ, സിബി കുറുന്പത്ത്, ജോബി കൊച്ചുപുര എന്നിവർ അറിയിച്ചു.