വന്യമൃഗങ്ങൾ കാടിറങ്ങുന്നു; നെഞ്ചിടിപ്പോടെ മലയോരം
1480324
Tuesday, November 19, 2024 7:28 AM IST
തൊടുപുഴ: വന്യ മൃഗങ്ങൾ കാടു വിട്ടുറങ്ങുന്പോൾ ജില്ലയിലെ പല മേഖലകളിലെ ജനങ്ങളും ആശങ്കയുടെ മുൾമുനയിൽ. കാട്ടാന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളാണ് അടുത്ത നാളുകളിൽ ജനവാസമേഖലകളിലിറങ്ങി ഭീതി വിതയ്ക്കുന്നത്.
പല മേഖലകളിലും കാട്ടാനകൾ കൂട്ടത്തോടെയാണ് ജനവാസ മേഖലകളിലിറങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ പലയിടങ്ങളിലും കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി. പീരുമേട്ടിൽ സ്കൂൾ കുട്ടികൾക്കു നേരേ കഴിഞ്ഞ ദിവസം കാട്ടാനകൾ പാഞ്ഞടുത്ത സംഭവം ഏറെ നടുക്കമുണ്ടാക്കി. കഴിഞ്ഞ ദിവസം പീരുമേടിനു സമീപം റോഡിലിറങ്ങിയ കാട്ടാനയെ കണ്ടു ഭയന്ന ഇരുചക്ര വാഹന യാത്രക്കാർ വീണു പരിക്കേറ്റിരുന്നു.
വിവിധയിടങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ വന്യമൃഗങ്ങളെ തിരിക കാട്ടിലേക്കു തുരത്താനുള്ള റാപ്പിഡ് റെസ്പോണ്സ് ടീമിന് എല്ലായിടത്തും ഓടിയെത്തേണ്ട അവസ്ഥയാണ്. ആർആർടി സംഘമെത്താത്ത മേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് വന്യമൃഗങ്ങളെ തുരത്തുന്നത്.
ചിന്നക്കനാലിൽ ഭീതി വിതച്ച അരിക്കൊന്പനെ നാടുകടത്തിയ ശേഷം ചക്കക്കൊന്പനും പടയപ്പയും ആണ് പിന്നീട് ഇടയ്ക്കിടെ നാട്ടുകാർക്ക് ഭീതിയുയർത്തി പ്രത്യക്ഷപ്പെടുന്നത്. മൂന്നാറിലാണ് പടയപ്പ വിഹരിക്കുന്നത്. പലപ്പോഴും കടകളും മറ്റും തകർത്ത് ഭക്ഷ്യവസ്തുക്കൾ കഴിക്കാറുണ്ടെങ്കിലും ജനങ്ങൾക്കു നേരേ തിരിയുന്നത് അപൂർവമാണ്. ദേശീയപാതയിലും പലപ്പോഴും പടയപ്പ നിലയുറപ്പിക്കാറുണ്ട്. ചിന്നക്കനാലിലാണ് ചക്കക്കൊന്പന്റെ ആക്രമണം പതിവായുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പീരുമേട് മരിയഗിരി സ്കൂളിനു സമീപമാണ് ബസ് കാത്തുനിന്നു വിദ്യാർഥികൾക്കു നേരേ കാട്ടാന പാഞ്ഞടുത്തത്. അദ്ഭുതകരമായി വിദ്യാർഥികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ദേശീയപാത മുറിച്ചുകടന്നാണ് കാട്ടാനയെത്തിയത്. ഇവിടെ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത വനംവകുപ്പിനെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്.
ഇതിനിടെ വനമേഖലയിൽ നിന്നെത്തിയ കാട്ടാന ഇവിടെത്തന്നെ തന്പടിച്ചതും ആശങ്ക പരത്തി. ഒരാഴ്ചയോളമായി കാട്ടാന ഇവിടെ തുടരുന്നതിനാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും മറ്റ് വനപാലകരെയും നിയോഗിച്ചിട്ടുണ്ട്. കാട്ടാനകൾ മേഖലയിൽ തുടരുന്നത് ഇതുവഴിയെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ചിന്നക്കനാലിൽ കഴിഞ്ഞദിവസം കൂട്ടത്തോടെയെത്തിയ കാട്ടാനകൾ വലിയ തോതിൽ കൃഷി നശിപ്പിച്ചു. 200 ഏക്കറോളം ഏലമാണ് കാട്ടാനകൾ നശിപ്പിച്ചത്. ബിഎൽറാം, തോണ്ടിമല, ചൂണ്ടൽ, ഈട്ടിത്തേരി എന്നിവിടങ്ങളിലാണ് കുട്ടിയാനകൾ ഉൾപ്പെടെയുള്ള സംഘം എത്തിയത്. വിളവെടുക്കുന്ന ഏലച്ചെടികളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. ഏലക്കായയ്ക്ക് വിലയേറുന്ന സാഹചര്യത്തിൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായത്.
ഇതിനു പുറമേ തട്ടാത്തിക്കാനം, കാളിയാർ റേഞ്ചിനു കീഴിൽ വേളൂർ, ചാത്തമറ്റം, തൊമ്മൻകുത്ത്, കോതമംഗലം ഫോറസ്റ്റു ഡിവിഷനു കീഴിൽ മുള്ളരിങ്ങാട്, കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമല, ഉപ്പുതറ പഞ്ചായത്തിലെ കിഴുകാനം തുടങ്ങി വിവിധ മേഖലകളിൽ കാട്ടാനശല്യം ഉണ്ടായി. മൂന്നാറിലാണ് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കുമളി നാലാംമൈലിലും ചക്കുപള്ളത്തും കടുവയുടെ ഭീഷണിയുണ്ടായി. മൂന്നാർ തോട്ടം മേഖലയിലും കടുവയുടെ ഭീഷണിയുണ്ട്. അട്ടപ്പള്ളത്ത് പുലിയുടെ സാന്നിധ്യവുണ്ടായി. മാസങ്ങൾക്കു മുന്പ് കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് കൂടു സ്ഥാപിച്ചെങ്കിലും പുലി കൂട്ടിലായില്ല. ഇപ്പോഴും പ്രദേശവാസികൾ ഭിതിയോടെയാണ് കഴിയുന്നത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളിക്ക് പരിക്ക്
വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളിക്ക് പരിക്കറ്റു. അരണക്കൽ എവിടി എസ്റ്റേറ്റിൽ മാട്ടുപ്പെട്ടി ഡിവിഷനിൽ താമസിക്കുന്ന ശിലമ്പരശി(53) നാണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയോടെയാണ് സംഭവം.
മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങി
മൂന്നാർ: മൂന്നാർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച സന്ധ്യയോടെ എത്തിയ കാട്ടുപോത്തിനെ കണ്ടതോടെ നാട്ടുകാർ ഭയന്നോടി.
മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ നടയാർ വനത്തിൽനിന്നെത്തിയ കാട്ടുപോത്ത് ജനറൽ ആശുപത്രി റോഡിലൂടെ ഇറങ്ങി ടൗണിലെത്തുകയായിരുന്നു. ഒടുവിൽ വന്ന വഴിയിലൂടെതന്നെ കാട്ടിലേക്ക് മടങ്ങിയതോടെയാണ് പരിഭ്രാന്തി ഒഴിഞ്ഞത്.