ചൊക്രമുടി കൈയേറ്റം: മൂന്നാമത്തെ ഹിയറിംഗ് ഇന്ന്
1480852
Thursday, November 21, 2024 7:32 AM IST
അടിമാലി: കൈയേറ്റവും അനധികൃത നിർമാണവും നടന്നെന്ന ആരോപണത്തത്തുടർന്നു ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ മൂന്നാമത്തെ ഹിയറിംഗ് ഇന്ന് ദേവികുളം സബ്കളക്ടറുടെ ഓഫീസിൽ നടക്കും. ആദ്യഘട്ടത്തിൽ 49 പേർക്കും പിന്നീട് ചൊക്രമുടിയുടെ സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ ഭൂമിയും കെട്ടിടങ്ങളുമുള്ള 35 പേർക്കുമാണ് നോട്ടീസ് നൽകിയത്.
ഒക്ടോബർ 28നു നടത്തിയ ഹിയറിംഗിൽ പങ്കെടുത്തവർ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതിൽ അപാകതകൾ കണ്ടെത്തിയതായി റവന്യുവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ പട്ടയവും തണ്ടപ്പേരും റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ രേഖാമൂലം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് വസ്തു ഉടമകൾക്ക് റവന്യുവകുപ്പ് വീണ്ടും നോട്ടീസ് നൽകി.
ചൊക്രമുടിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളുടെ പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ രേഖാമൂലം പട്ടയ ഉടമകളെ അറിയിക്കണമെന്നും കൂടുതൽ രേഖകൾ ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നും ഉടമകൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് കഴിഞ്ഞ ആറിന് ഹിയറിംഗ് നടത്തി പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഭൂ ഉടമകൾക്ക് കൈമാറിയിട്ടുണ്ട്.