വൈദ്യുതിപോസ്റ്റ് ഇടിച്ചു തകർത്ത് ചരക്കുലോറികൾ
1480848
Thursday, November 21, 2024 7:32 AM IST
ഇടവെട്ടി: ചെറുവാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തിയും വൈദ്യുതി പോസ്റ്റുകളും കേബിളുകളും തകർത്തും രാത്രികാലങ്ങളിൽ തൊടുപുഴ - വെള്ളിയാമാറ്റം റോഡിൽ ചരക്കു ലോറികളുടെ പരക്കംപാച്ചിൽ. കഴിഞ്ഞ ദിവസം രാത്രി ഇടവെട്ടി ഇഎംഎസ് ഭവന് സമീപമുള്ള വൈദ്യുതി പോസ്റ്റ് ലോറി ഇടിച്ചു തകർത്തു. ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോഴേക്കും വാഹനം നിർത്താതെ പോയി.
ഇതേ ത്തുടർന്നു നിലച്ച വൈദ്യുതി ഇന്നലെ വൈകുന്നേരം നാലോടെയാണ് കെഎസ്ഇബി ജീവനക്കാർ പുനഃസ്ഥാപിച്ചത്. രണ്ടാഴ്ച മുന്പും ഇതേ പോസ്റ്റ് ലോറി ഇടിച്ചുതകർത്തിരുന്നു. വാഹനം തിരിച്ചറിയാത്തതിനാൽ നഷ്ടപരിഹാരം ഈടാക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല. കെ ഫോണ്, ബിഎസ്എൻഎൽ, ചാനൽ കേബിളുകൾ എന്നിവ ഈ പോസ്റ്റുകളിലൂടെയാണ് കടന്നു പോകുന്നത്. പോസ്റ്റ് ഒടിഞ്ഞപ്പോൾ ഇവയും തകർന്നതിനാൽ കേബിൾ ടിവി, വാർത്താവിനിമയ സംവിധാനവും താറുമാറായി.
ആലക്കോട് ഭാഗത്തെ വൻകിട ഫാക്ടറിയിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറികളാണ് രാത്രി 12നു ശേഷം നിയന്ത്രണമില്ലാതെ പായുന്നതെന്നു പ്രദേശവാസികൾ പറയുന്നു. നിരന്തരം പോസ്റ്റുകളും കേബിളുകളും തകർക്കുന്ന വാഹനങ്ങൾ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കേബിൾ ടിവി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകി.