കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി സെന്റ് സേവ്യേഴ്സിലെ മിടുക്കികള്‍
1480645
Wednesday, November 20, 2024 7:31 AM IST
നെടുങ്കണ്ടം: കാന്‍സര്‍ രോഗചികിത്സയ്ക്കിടയില്‍ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് തലമുടി മുറിച്ചു നല്കി പെണ്‍കുട്ടികളുടെ സഹായഹസ്തം.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അഞ്ചുമുതല്‍ പ്ലസ്ടു വരെയുള്ള 30 പെണ്‍കുട്ടികളാണ് മുടി മുറിച്ചു നല്‍കിയത്. ഇവരോടൊപ്പം ഒരു അധ്യാപികയും ഒരു കുട്ടിയുടെ മാതാവും മുടി മുറിച്ച് നല്കി. സ്കൂള്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂളില്‍ മുടിമുറിക്കല്‍ സംഘടിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്ക് സഹതാപമല്ല സഹായമാണ് വേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു കാരുണ്യ പ്രവൃത്തിയുടെ ആശയം ഉരുത്തിരിഞ്ഞുവന്നത്.
പെണ്‍കുട്ടികള്‍ ഏറെ താത്പര്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോണ്‍ ബോസ്കോ, പ്രിന്‍സിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റര് വി.ജെ. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.