വിഎഫ്പിസികെ കുടിശിക നൽകിയില്ല; വെട്ടിലായി; കർഷകർ നൽകാനുള്ളത് അഞ്ചുകോടി
1480850
Thursday, November 21, 2024 7:32 AM IST
തൊടുപുഴ: പച്ചക്കറികൃഷി വ്യാപനത്തിനായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്ത കർഷകർ ദുരിതത്തിൽ. സബ്സിഡിയും ബോണസുമായി കോടിക്കണക്കിനു രൂപയാണ് പച്ചക്കറി കർഷകർക്ക് വിഎഫ്പിസികെ നൽകാനുള്ളത്.
വിവിധ പദ്ധതികളുടെ നടത്തിപ്പിനും സബ്സിഡിക്കുമുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാലാണ് കർഷകർക്ക് പണം നൽകാൻ വൈകുന്നത്. 2023-24 സാന്പത്തിക വർഷത്തിൽ ഉൾപ്പെടെ അഞ്ച് കോടിയോളം ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ടെന്ന് വിഎഫ്പിസികെ കണ്‍സോർഷ്യം ഭാരവാഹികൾ ആരോപിച്ചു.
ജില്ലയിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വേണ്ടിയാണ് വിഎഫ്പിസികെയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വിപണികൾ ആരംഭിച്ചത്. ജില്ലയിലാകെ 19 കർഷക വിപണികളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തോളം കർഷകർ ഇതിനു കീഴിലായി പച്ചക്കറികൃഷി നടത്തി ഉത്പന്നം വിപണിയിലെത്തിക്കുന്നുണ്ട്.
പലരും വ്യാവസായിക അടിസ്ഥാനത്തിലാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്യുന്നത്. വാഴക്കുലകൾ, പയർ, പാവൽ, പടവലം ഉൾപ്പെടെ വിവിധ പച്ചക്കറി ഉത്പന്നങ്ങളും കർഷകർ വ്യാപകമായി വിപണികളിലെത്തിച്ചു വരുന്നുണ്ട്. കർഷകർ തന്നെ തങ്ങളുടെ ഉത്പന്നത്തിനു വില നിശ്ചയിക്കുന്നതിനാൽ മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾക്ക് മുന്‍പ് യൂറോപ്യൻ യൂണിയൻ നൽകിയ 100 കോടി പ്രവർത്തന മൂലധനമാക്കിയാണ് വിഎഫ്പിസികെ പ്രവർത്തനം തുടങ്ങിയത്. ഇതിൽ 20 കോടി സർക്കാർ വകമാറ്റി കേരള അഗ്രി ബിസിനസ് കന്പനിയ്ക്ക് നൽകി. കേരളം പഴം -പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തയിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഎഫ്പിസികെ പ്രവർത്തിച്ചു വന്നിരുന്നത്. 50 ശതമാനം വരെ സബ്സിഡിയുള്ള പദ്ധതികളുടെ പിൻബലത്തിൽ ആയിരക്കണക്കിന് കർഷകരാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ കൃഷിക്കും വിപണനത്തിനും നേതൃത്വം നൽകേണ്ട വിഎഫ്പിസികെ കർഷകർക്ക് യാതൊരു സഹായവും ചെയ്യുന്നില്ലെന്നാണ് പരാതി. 2023 മുതൽ സർക്കാർ ഫണ്ടുകൾ അനുവദിക്കാത്തതിനാൽ വിഎഫ്പിസികെയുടെ പ്രവർത്തനം താളംതെറ്റി.
എന്നാൽ മുൻ വർഷങ്ങളിൽ കൊടുക്കാനുള്ളവർക്ക് മുൻഗണന ലഭ്യമാകുന്നതനുസരിച്ച് ഫണ്ടുകൾ പാസാകുന്നുണ്ടെന്ന് വിഎഫ്പിസികെ അധികൃതർ പറയുന്നു. ഫണ്ട് ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ പുരോഗതിയുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 15 ലക്ഷത്തോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളതെന്നാണ് കണക്ക്. മുൻ വർഷങ്ങളിൽ കർഷകർക്ക് നൽകാനുള്ള പണം കൊടുത്ത് തീർക്കുന്നതിനാണ് മുൻഗണനയെന്നും വിഎഫ്പിസികെ അധികൃതർ പറഞ്ഞു.
ഉപരോധസമരം നടത്തും: കണ്‍സോർഷ്യം
തൊടുപുഴ: കുടിശിക വരുത്തിയ തുക കർഷകർക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കർഷകരുടെ കൂട്ടായ്മയായ വിഎഫ്പിസികെ കണ്‍സോർഷ്യത്തിന്റെ നേതൃത്വത്തിൽ 26ന് അടിമാലിയിലെ ജില്ലാ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രണ്ടാം ഘട്ടമായി ഡിസംബർ 10ന് കാക്കനാട്ടുള്ള വിഎഫ്പിസികെ ഹെഡ് ഓഫീസും ഉപരോധിക്കും. കർഷകർക്ക് ഗുണകരമല്ലാതെയാണ് വിഎഫ്പിസികെയുടെ പ്രവർത്തനം. വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതും നിലവിലുള്ളവർക്ക് കൃത്യമായി ശന്പളം നൽകാത്തതും സ്ഥാപനത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ്. കർഷകരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സർവീസിൽനിന്നു വിരമിച്ചയാളാണ് ഇപ്പോഴും വിഎഫ്പിസികെയുടെ സിഇഒയായി പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ കണ്‍സോർഷ്യം ജില്ലാ പ്രസിഡന്റ് ടോമി തെങ്ങുംപള്ളിൽ, ഭാരവാഹികളായ ഹരി തറയത്ത്, ചാക്കോ ജോസഫ്, സണ്ണി തോമസ്, സിബി ജോസഫ് എന്നിവർ പങ്കെടുത്തു.