രാമക്കല്ലിലേക്ക് ഇനി സഞ്ചാരികൾക്കു പോകാം
1480846
Thursday, November 21, 2024 7:32 AM IST
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ വ്യൂ പോയിന്റായ രാമക്കല്ലിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ അനുമതി ലഭിച്ചതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും രാമക്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
കഴിഞ്ഞ മാസമാണ് തമിഴ്നാട് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്.
ബോര്‍ഡ് നിലവിലുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം മലമുകളില്‍ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് തമിഴ്നാട് വീണ്ടും പാത തുറന്നിരിക്കുന്നത്. കേരള - തമിഴ്നാട് അതിര്‍ത്തിയായ രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്ല് വ്യൂ പോയിന്റ്. ചെങ്കുത്തായ പാറക്കൂട്ടവും തമിഴ്നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവന്‍ കുറത്തി പ്രതിമയുടെ സമീപമുള്ള പുല്‍മേട്ടിലും ആമക്കല്ല്, കാറ്റാടിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലുമാണെങ്കിലും രാമക്കല്ലിലേക്ക് ട്രക്കിംഗ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്.
രാമക്കല്ലില്‍ തമിഴ്നാട് അധീന മേഖലയുടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികളും തമിഴ്നാടിന്റെ പരിഗണനയിലുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
രാമക്കല്‍മേട്ടില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുക്കും. ഇതിനായി റവന്യു വകുപ്പ് പഞ്ചായത്തിന് ഒരേക്കറോളം സ്ഥലം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാമക്കല്ല് മലനിരകളില്‍ ഉള്‍പ്പെടെ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് ഇവ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കളക്ട് ചെയ്യും. ഇതിനായി പ്രത്യേക ജീവനക്കാരെ നിയമിക്കും.
കൂടാതെ രാമക്കല്ലിലേക്കുള്ള പ്രവേശന കവാടത്തില്‍ സഞ്ചാരികളില്‍നിന്നു ചെറിയ തുക ഫീസായി വാങ്ങും. സഞ്ചാരികള്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളം തിരികെയെത്തുമ്പോള്‍ പ്രവേശനകവാടത്തില്‍ ഏല്‍പ്പിക്കണം. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ വാങ്ങിയ തുക മടക്കി നല്‍കും.