40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
1480650
Wednesday, November 20, 2024 7:31 AM IST
തൊടുപുഴ: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പില്‍ നൗഫല്‍ (25), ചൂരവേലില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് എസ്ഐ എന്‍.എസ്. റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ കനാല്‍ ഭാഗത്ത് താമസിക്കുന്ന അനൂപ് എന്ന അപ്പു ഓടി രക്ഷപ്പെട്ടു.
സ്വകാര്യ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയില്‍നിന്നാണ് ഇന്നലെ രാവിലെ 6.30 ഓടെ പ്രതികളെ പിടികൂടിയത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.
പ്രതി റിന്‍ഷാദിന്റെ പേരില്‍ 2018ല്‍ തമിഴ്നാട്ടില്‍ സ്വര്‍ണം തട്ടിയെടുക്കല്‍ ഉള്‍പ്പെടെ വിവിധ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയില്‍ വാഹനത്തിനു കൈ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. നേരത്തേ നെടുങ്കണ്ടത്ത് മൂന്നു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസില്‍ പ്രതിയാണ് നൗഫല്‍.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നെന്നും പ്രദേശത്തെ ലഹരി മാഫിയാസംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. രക്ഷപ്പെട്ട അനൂപിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. എസ്ഐമാരായ നജീബ്, അനില്‍കുമാര്‍, എസ്സിപിഒമാരായ അബ്ദുള്‍ ഗഫൂര്‍, രാംകുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.