ഭൂപ്രശ്നം: എഎപി മണ്ണവകാശ പദയാത്ര നടത്തും
1480841
Thursday, November 21, 2024 7:32 AM IST
തൊടുപുഴ: ജില്ലയിലെ കർഷക വിഷയങ്ങളിൽ സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് 25 മുതൽ ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെയും കിസാൻ വിംഗിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ മണ്ണവകാശ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 25ന് കുമളിയിൽ ആരംഭിക്കുന്ന പദയാത്ര സേവ് വെസ്റ്റേണ്‍ ഘട്ട്സ് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ ഉദ്ഘാടനം ചെയ്യും.
സിഎച്ച്ആർ, ഇഎസ്എ വിഷയങ്ങളിൽ സർക്കാർ ജില്ലയിലെ ജനങ്ങളോട് കാട്ടുന്നത് കടുത്ത അനീതിയാണെന്നും നിയമസഭ പാസാക്കിയ കർഷകദ്രോഹ ഭൂ നിയമത്തിന് ചട്ടം ഉണ്ടാക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
പദയാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സംവാദങ്ങളിൽ കേരളത്തിലും പുറത്തുമുള്ള കർഷക സംഘടനകൾ പങ്കെടുക്കും. രാഷ്ട്രീയ കിസാൻ മഹാസംഘം, സേവ് വെസ്റ്റേണ്‍ ഘട്ട്സ് പീപ്പിൾസ് ഫൗണ്ടേഷൻ, അതിജീവന പോരാട്ടവേദി, കിസാൻ സംഘർഷ സമിതി, വിഫാം, കിഫ്, ലാൻഡ് ഫ്രീഡം മൂവ്മെന്റ് തുടങ്ങിയ നിരവധി കർഷക സംഘടന നേതാക്കൾ പ്രസംഗിക്കും.
പദയാത്ര 30ന് ഇടുക്കി കഞ്ഞിക്കുഴിയിൽ സമാപിക്കും. സമാപന സമ്മേളനം ആം ആദ്മി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസണ്‍ ഉദ്ഘാടനം ചെയ്യും.
പത്ര സമ്മേളനത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണ്‍, കിസാൻ വിംഗ് സംസ്ഥാന കോ-ഓർഡിനേറ്റർ മാത്യു ജോസ്, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ സെക്രട്ടറി എം.എ. മാത്യു, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റോയി പ്ലാന്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.