ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും എംപിമാരും കൈകോർത്തു; ഇലയ്ക്കാട് കോളനിയിൽ മുക്കാൽ കോടിയുടെ വികസനമുന്നേറ്റം
1460074
Wednesday, October 9, 2024 11:44 PM IST
കുറവിലങ്ങാട്: ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും എംപിമാരുടെയും കൂട്ടായ മുന്നേറ്റത്തിൽ ഇലയ്ക്കാട് കോളനിയിൽ വികസനമുന്നേറ്റം. രണ്ടു സാമ്പത്തിക വർഷങ്ങളിലൂടെ മുക്കാൽ കോടി രൂപയാണ് വിവിധ വികസനപ്രവർത്തനങ്ങൾക്കായി ഇലയ്ക്കാട് കോളനിയിലേക്ക് എത്തിയത്. കോളനിയിലെ കുടുംബങ്ങൾക്കാകെ പുത്തൻ വികസനപ്രതീക്ഷകൾ സമ്മാനിക്കാൻ കഴിയുന്ന പദ്ധതികളാണ് ജോസ് കെ. മാണി എംപി, എംപിയായിരുന്ന തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് എന്നിവരിലൂടെ ലഭിച്ചത്.
എംപി ഫണ്ടിൽ നിന്ന് തോമസ് ചാഴികാടൻ നൽകിയ അഞ്ചു ലക്ഷം രൂപ സമ്മാനിച്ചത് വെളിച്ചവിപ്ലവമാണ്. കോളനിയിൽ 40 തെരുവുവിളക്കുകളാണ് പ്രകാശിപ്പിച്ചത്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് നൽകിയത്. ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ ഓപ്പൺ സ്റ്റേജ് നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിൽനിന്ന് കോളനിയിലെ വീടുകളുടെ വൈദ്യുതീകരണം വിപുലീകരിക്കുന്നതിനായി 20 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി അനുവദിച്ചത്. ആകെയുള്ള 63 കുടുംബങ്ങളിൽ 43 വീടുകൾക്ക് ഈ പദ്ധതി നേട്ടമാകും. മുൻപ് മിനിമം 1.5 പോയിന്റ് എന്ന പേരിൽ നടത്തിയ വയറിംഗ് തകരാർ പരിഹരിക്കുന്നതിനൊപ്പം അത്യാവശ്യ വയറിംഗ് നല്ലരീതിയിൽ ഈ കുടുംബങ്ങൾക്ക് നൽകാൻ ഇതിലൂടെ കഴിയും.
ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപയും സാംസ്കാരികനിലയം പുനരുദ്ധരാണത്തിനായി അഞ്ചു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി അനുവദിച്ചിട്ടുണ്ട്. കോളനിയിലെ പ്രീസ്കൂളിന് ചുറ്റുമതിൽ, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് അനുവദിച്ചു. സാംസ്കാരിക നിലയത്തിന് മുന്നിൽ ഹൈമാസ്റ്റ് വിളക്കിനും അഞ്ച് ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽനിന്ന് ലഭിച്ചിട്ടുണ്ട്.