എരുമേലിയിലും മുക്കൂട്ടുതറയിലും പഞ്ചായത്ത് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ
1572982
Friday, July 4, 2025 11:41 PM IST
എരുമേലി: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിന്റെ സാഹചര്യത്തിൽ, അപകട സാധ്യതയുള്ള എരുമേലി പഞ്ചായത്തിന്റെ രണ്ടു കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മുക്കൂട്ടുതറ ടൗണിലുമുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലുള്ളത്. രണ്ടു കെട്ടിടത്തിലും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ കമ്പി തെളിഞ്ഞ നിലയിലാണ്. തുടർച്ചയായി കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴുന്നുമുണ്ട്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ വില്ലേജ് ഓഫീസിലേക്കുള്ള പടിക്കെട്ടുകളിൽ മേൽക്കൂരയിലെ കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴുന്നതു പതിവാണ്. മുക്കൂട്ടുതറയിലെ കെട്ടിടം അൺഫിറ്റാണെന്നു രണ്ട് വർഷം മുമ്പ് എൻജിനിയറിംഗ് വിഭാഗം അറിയിച്ചതാണ്. മുക്കൂട്ടുതറയിൽ ഏതാനും വർഷം മുമ്പ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നയാളുടെ സമീപത്ത് വലിയ കോൺക്രീറ്റ് കഷണം അടർന്നുവീണ സംഭവമുണ്ടായിരുന്നു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാർ നിൽക്കുന്ന ഭാഗത്തും സമാനമായ സംഭവങ്ങൾ നിരവധി തവണയുണ്ടായി.
കോൺക്രീറ്റ് കഷണങ്ങൾ തുടർച്ചയായി അടർന്നുവീഴുമ്പോഴും എരുമേലിയിലെയും മുക്കൂട്ടുതറയിലെയും കെട്ടിടങ്ങളിൽ നിലവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രണ്ടു കെട്ടിടങ്ങളും പൊളിച്ചുമാറ്റി പുതിയവ നിർമിക്കാൻ ഒട്ടേറെത്തവണ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചതുമാണ്. എന്നാൽ, നടപടികൾ മാത്രമുണ്ടാകുന്നില്ല.
കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം കെട്ടിടം ഇടിഞ്ഞുവീണ് സംഭവിച്ച അപകടംപോലെ എരുമേലിയിലും മുക്കൂട്ടുതറയിലും സംഭവിക്കാതിരിക്കാൻ കെട്ടിടങ്ങളുടെ ഉറപ്പും അപകടസാധ്യതകളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.