നന്പർ മാറി മഹാരാഷ്ട്രയിലെ അക്കൗണ്ടിലെത്തിയ 50,000 രൂപ തിരികെയെടുത്ത് കോട്ടയം സൈബർ പോലീസ്
1573207
Saturday, July 5, 2025 7:10 AM IST
കോട്ടയം: നമ്പര്‍ മാറി മഹാരാഷ്ട്രയിലുള്ള യുവതിയുടെ അക്കൗണ്ടിലേക്കു പോയ 50,000 രൂപ തിരികെയെടുത്ത് കോട്ടയം സൈബര്‍ പോലീസ്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നാണ് സംഭവം.
പുതുപ്പള്ളി സ്വദേശി ഷിബു ജോലിചെയ്യുന്ന ഏറ്റുമാനൂരിലെ റബര്‍ കമ്പനിക്കുവേണ്ടി ഗൂഗിള്‍ പേ ചെയ്ത 50,000 രൂപയാണ് നമ്പര്‍ മാറി വേറൊരു അക്കൗണ്ടിലേക്കു ചെന്നത്.
അബദ്ധം മനസിലാക്കിയ ഷിബു ഉടന്‍തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ സമീപിച്ചു. പരാതി സ്വീകരിച്ച ബാങ്ക് 15നു മുന്‍പായി പണം തിരികെയെത്തിക്കാമെന്നും എന്നാല്‍, അക്കൗണ്ട് ഹോള്‍ഡര്‍ പണം പിന്‍വലിച്ചാല്‍ പണം തിരികെ ക്കിട്ടുന്നത് ബുദ്ധിമുട്ടാകുമെന്നും അറിയിച്ചു.
കോട്ടയം സൈബര്‍ പോലീസില്‍ ഒരു പരാതി നല്കാൻ ബാങ്കില്‍നിന്നു നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷിബു പോലീസിന്റെ സഹായം തേടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ സൊണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു കണ്ടെത്തി. തുടര്‍ന്ന് ഫോണിലൂടെ അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിംഗ് സമയം തീരുന്നതിനു മുന്‍പ് പണം തിരികെ അയയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു.
സൈബര്‍ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ഒരു മണിക്കൂറിനുള്ളില്‍ 50,000 രൂപ തിരികെ അക്കൗണ്ടിൽ എത്തി.