ദന്പതികളെ അനന്തരവനും സംഘവും വീടുകയറി ആക്രമിച്ചു
1573213
Saturday, July 5, 2025 7:11 AM IST
കടുത്തുരുത്തി: ലഹരിയുപയോഗവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമായി നടന്ന മരുമകനെ നേര്‍വഴി ഉപദേശിച്ചു മടങ്ങിയ അമ്മാവനെയും ഭാര്യയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് വീടുകയറി ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ അമ്മാവനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അന്തരവന്‍ ആറുപേരെ ഉള്‍പ്പെടെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഞീഴൂര്‍ കണക്കഞ്ചേരി ഭാഗത്ത് താമസിക്കുന്ന മനയത്ത് പറമ്പില്‍ ശ്രീജിത്ത് (36), ഭാര്യ അശ്വതി (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ അനന്തരവന് വടക്കേനിരപ്പ് മനയത്തുപറമ്പില്‍ അശ്വിന് രാജേഷ് (18), സുഹൃത്തുക്കളായ ഇലഞ്ഞി കുരിശുമല ഭാഗത്ത് മയിലണംതടത്തില്‍ ജിനു റെജി (22), മരങ്ങോലി ചാലുകര തെങ്ങുംപള്ളില്‍ ഡോണ്‍ സാബു (22), ഞീഴൂര്‍ കണക്കഞ്ചേരി മേപ്പാടം വീട്ടില്‍ അക്ഷയ് മനോജ് (23),
മരങ്ങോലി ചാലുകര ഭാഗം ചെമ്മനാനില്‍ ആല്‍ബി ജോണി (18), കാട്ടാമ്പാക്ക് തോട്ടുപ്പറമ്പില്‍ അഭിജിത്ത് സാബു (26) എന്നിവരാണ് റിമാന്‍ഡിലായത്. ബുധനാഴ്ച വൈകൂന്നേരം ആറോടെ കണക്കഞ്ചേരിയിലാണ് സംഭവം.
സഹോദരി പറഞ്ഞതനുസരിച്ചാണ് ഇവരുടെ വീട്ടിലെത്തി മകന് അശ്വിനെ, ശ്രീജിത്ത് ഉപദേശിച്ചത്. തുടര്‍ന്ന് ശീജിത്തും ഭാര്യയും വീട്ടിലേക്കു മടങ്ങി. ഇതിനുശേഷമാണ് അക്രമിസംഘം വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റ ശ്രീജിത്തും അശ്വതിയും കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.