ആറാട്ടുപുഴയിൽ പുലിമുട്ട് നിർമാണം: ഒന്നാംഘട്ടം പൂർത്തിയായി
1515160
Monday, February 17, 2025 11:52 PM IST
കായംകുളം: ആറാട്ടുപുഴ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. കാലങ്ങളായി അനുഭവിച്ച കടലാക്രമണ ദുരിതങ്ങൾക്ക് ഇതോടെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികൾ.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എകെജി നഗർ വരെയുള്ള തീരത്തെ ജനങ്ങളാണ് കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടികൾ യാഥാർഥ്യമായതോടെ ആശ്വാസം കൊള്ളുന്നത്.
പഞ്ചായത്തിലെ നിത്യദുരിത മേഖലയായിരുന്നു ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എകെജി നഗർ വരെയുള്ള അര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശം. പതിറ്റാണ്ടുകളായി ഇവർ അനുഭവിച്ച കടലാക്രമണദുരിതത്തിന് കൈയും കണക്കുമില്ല.
ചെറുതായൊന്ന് കടലിളകിയാൽ മതി ഇവരുടെ ജീവിതം ദുഃസഹമാകാൻ. ഓരോ കാലവർഷവും ഇവർക്ക് ഭീതിയും സങ്കടവുമാണ്സമ്മാനിച്ചത്.
വലിയഴീക്കൽ- തൃക്കുന്നപ്പുഴ റോഡ് കടലിനോട് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഈ പ്രദേശത്ത് കടലാക്രമണമുണ്ടായാൽ റോഡിലും സമീപത്തെ വീടുകളുടെ ചുമരിലുമായിരുന്നു തിരമാലകൾ പതിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ ചെറുതായൊന്ന് കടലിളകിയാൽ റോഡ് തകരുകയും വലുതും ചെറുതുമായ കരിങ്കല്ലുകൾ നിരന്ന് ഗതാഗതം താറുമാറാകുകയും ഒരു പ്രദേശം ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ കടുത്ത ദുരിതമാണ് കാലങ്ങളോളം സമ്മാനിച്ചത്.
നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് പൂർണമായും ഭാഗികമായും ഇവിടെ തകർന്നടിഞ്ഞത്. എന്നാൽ, ഇന്ന് പ്രദേശവാസികൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് കിഫ്ബി വഴി 22.29 കോടി രൂപ ചെലവിൽ 1.4 കിലോ മീറ്റർ നീളത്തിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള 21 പുലിമുട്ടുകളുടെ നിർമാണമാണ് കള്ളിക്കാട് എകെജി നഗർ മുതൽ വടക്ക് എ.സി. പള്ളിക്ക് പടിഞ്ഞാറുവരെ പൂർത്തിയായത്.
കൂടാതെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 1.5 കിലോമീറ്റര്‍ വിസ്തൃതിക്കുള്ളില് 13 പുലിമുട്ടിന്റെയും (17.33 കോടി) ആറാട്ടുപുഴ വട്ടച്ചാലില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടിന്റെയും (25 കോടി) നിര്‍മാണം പുരോഗമിക്കുന്നു.
എന്നാൽ, കടലാക്രമണത്തിന്റെ ദുരിതങ്ങൾ പേറുന്ന നിരവധി സ്ഥലങ്ങൾ ഇനിയും ഈ പഞ്ചായത്തുകളിലുണ്ട്. ഇവിടത്തെ തീരസംരക്ഷണത്തിന് പഠനങ്ങൾ പൂർത്തിയായതായും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അധികാരികൾ പറയുന്നു.