നെൽകൃഷി അവസാനിപ്പിച്ച് മത്സ്യകൃഷി മാത്രമായി പാടശേഖരങ്ങൾ
1514857
Sunday, February 16, 2025 11:53 PM IST
തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിലെ നെൽകൃഷി പൂർണമായും നിലച്ച് മത്സ്യകൃഷി മാത്രമായി മാറിയിരിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും പദ്ധതി രേഖകളിൽ മാത്രമായി നെൽകൃഷി മാറുകയാണ്. എല്ലാവർഷവും ഓരോ പഞ്ചായത്തും ലക്ഷക്കണക്കിന് രൂപയാണ് പ്രദേശത്തെ നെൽകൃഷിക്കായി പദ്ധതി രേഖയിൽ ഉൾക്കൊള്ളിക്കുന്നത്.
നെല്പാടം ഒരുക്കുന്നതിന് തുക, കള പറിക്കുന്നതിനു തുക, നെല്ല് വിതയ്ക്കുന്നതിന് തുക, ഇത് പരിപാലിക്കുന്നതിന് തുക തുടങ്ങി തുടക്കം മുതൽ ഒടുക്കം വരെ നെൽകൃഷിക്കായി പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തുമെങ്കിലും ഇപ്പോഴും പാടശേഖരങ്ങൾ നെൽകൃഷി നടത്താതെ മത്സ്യകൃഷി മാത്രമായി മാറിയിരിക്കുകയാണ്.
വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ആയിരക്കണക്കിന് ഏക്കർ പാടശേഖരമാണ് നെൽകൃഷി അവസാനിപ്പിച്ച് മത്സ്യകൃഷി മാത്രമായി മാറ്റിയിരിക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നെൽകൃഷി വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും ഒന്നും നടപ്പിലാകുന്നില്ലെന്നതാണ് സത്യം. നിലവിൽ ത്രിതല പഞ്ചായത്തുകൾക്കും നെൽകൃഷി നടത്തുന്നതിനോട് താത്പര്യം ഇല്ലാത്ത അവസ്ഥയാണ്.
ഓരോ വർഷവും പേരിനു മാത്രം ചില പാടങ്ങളിൽ കൃഷിയി റക്കി സർക്കാർ പണം തട്ടുന്നതല്ലാതെ കർഷക സംഘങ്ങളും നെൽകൃഷി വികസനത്തിനായി ഒന്നും ചെയ്യുന്നില്ല.
വർഷാവർഷം പാടശേഖരങ്ങൾ ലേലം ചെയ്ത് മത്സ്യകൃഷിക്കായി പാടങ്ങൾ മത്സ്യമാഫിയായ്ക്ക് നൽകുന്ന പണി മാത്രമാണ് കർഷക സംഘങ്ങൾക്കും പാടശേഖരക്കമ്മിറ്റിക്കും ഉള്ളതെന്ന് കർഷകർ പറയുന്നു. നെൽകൃഷി നടത്താത്ത പാടങ്ങളിൽ മത്സ്യകൃഷി അനുവദിക്കുകയില്ലാ എന്ന് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിനും പേപ്പറിന്റെ വില പോലും ഇല്ലാത്ത അവസ്ഥയാണ്.
ഉദ്യോഗസ്ഥ, രാഷ്ട്രീയ, മത്സ്യ മാഫിയാ സംഘങ്ങളാണ് പാടശേഖരങ്ങൾ നിയന്ത്രിക്കുന്നതും നെൽകൃഷി അട്ടിമറിച്ച് മത്സ്യകൃഷി മാത്രമായി മാറ്റിയതും. ആയിരക്കണക്കിന് ടൺ നെല്ല് ഉത്പാ ദിപ്പിച്ചിരുന്ന പാടശേഖരങ്ങൾ ഇന്ന് ഒരു നെല്ലു പോലും ഉത്പാദിപ്പിക്കാതെ തരിശാക്കി മാറ്റിയിരിക്കുകയാണ്.
വലിയ കൂലിയും തൊഴിലാളികളെ ലഭ്യമല്ലാത്തതും ഭാരിച്ച ചെലവുമാണ് കർഷകരെ കൃഷിയിൽനിന്ന് അകറ്റുന്നത്. പ്രദേശത്തെ മുഴുവൻ പാടശേഖരങ്ങളും കുട്ടനാടൻ കർഷകർക്ക് നൽകിയെങ്കിലും ഇവിടെ നെല്ല് ഉത്പാദിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.