വയലാര്‍ നിവാസികളുടെ കാത്തിരിപ്പിനു വിരാമം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു
1514854
Sunday, February 16, 2025 11:53 PM IST
ആലപ്പുഴ: വയലാര്‍ പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് വയലാര്വഴി ആലപ്പുഴയിലേക്കും കളവംകോടംവഴി തോപ്പുംപടിയിലേക്കുമുള്ള രണ്ട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
ചേര്‍ത്തലയില്‍നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് വയലാര്‍ എട്ടുപുരക്കലില് എത്തി തിരിച്ച് 8.40ന് ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി ആലപ്പുഴയ്ക്ക് പോകുന്നതാണ് ഒരു സര്‍വീസ്. ചേര്‍ത്തലയില്‍നിന്നു രാവിലെ 6.20ന് പുറപ്പെട്ട് കളവംകോടം- വളമംഗലം വഴി തോപ്പുംപടിക്ക് എത്തിച്ചേരുന്നതാണ് മറ്റൊരു സര്‍വീസ്. വയലാറില്‍നിന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വലയുകയായിരുന്ന വയലാര്‍ നിവാസികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി തോപ്പുംപടിയില്‍ പോകേണ്ട യാത്രക്കാര്‍ക്കും സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ പ്രയോജനം ലഭിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ.് ശിവപ്രസാദ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി, നഗരസഭ വൈസ് ചെയര്മാന് ടി. എസ്. അജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജി. നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ യു. ജി. ഉണ്ണി, പഞ്ചായത്തംഗം ദീപക് ബി. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.