റോഡിലെ ഹംപ് യാത്രക്കാരുടെ നടുവൊടിക്കുന്നു
1511801
Thursday, February 6, 2025 11:59 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ ഹന്പ് യാത്രക്കാരുടെ നടുവൊടിക്കുന്നു. ഇരുന്നൂറു മീറ്റർ നീളമുള്ള റോഡിൽ ഉയരത്തിലുള്ള ആറു ഹന്പുകളാണുള്ളത്. ട്രെയിൻ യാത്രയ്ക്ക് എത്തുന്ന ഇരുചക്ര വാഹനക്കാരാണ് നിത്യവും അപകടത്തിൽപ്പെടുന്നത്.
രാത്രികാലങ്ങളിൽ ഹന്പ് കാണാൻ കഴിയാതെ അപകടത്തിൽപ്പെടുന്നത് പതിവാണ്. റെയിൽവേ സ്റ്റേഷനു സമീപമുള്ള ക്ഷേത്രത്തിലേക്കുപോയ വീട്ടമ്മ അപകടത്തിൽപ്പെട്ട് ഒരുവർഷമായി വിശ്രമത്തിലാണ്. കൂടാതെ വാഹനങ്ങളുടെ താഴ്ഭാഗം ഉരയുന്ന വിധത്തിലാണ് ഹന്പ് നിർമിച്ചിരിക്കുന്നത്. ഇതുമൂലം വാഹനങ്ങളുടെ അടിഭാഗം കേടുപാടുകൾ സംഭവിക്കാറുണ്ട്. അടിയന്തരമായി ഹന്പ് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.