നെല്ലുവില വർധിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ-എം
1481589
Sunday, November 24, 2024 5:14 AM IST
മങ്കൊമ്പ്: കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക യൂണിയൻ-എം രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് പടിക്കൽ ധർണ നടത്തി. കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കൃഷിച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ നെല്ലിന്റെ വിലയും കാലാനുസൃതമായി വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാസവള- കീടനാശിനി സബ്സിഡി അനുവദിക്കുക, വേലിയേറ്റത്തിനനുസൃതമായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കുക, വിള ഇൻഷ്വറൻസ് വ്യക്തിഗതമായി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക, നെൽകൃഷി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നെല്ലു വില കിലേഗ്രാമിന് 35 രൂപയായി വർധിപ്പിച്ചതിനു ശേഷം മാത്രം തൊഴിലാളികളുടെ കൂലി വർധന നടപ്പിലാക്കാവു തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതിയംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം, ജന്നിംഗ്സ് ജേക്കബ്, സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോസഫ് കെ. നെല്ലുവേലി, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു,
കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ. സജു എടയ്ക്കാട്, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ഡോ. ഷാജോ കണ്ടക്കുടി, കെ.പി. കുഞ്ഞുമോൻ, ഷിബു ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.