സഹൃദയ സംരംഭകത്വ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും
1481582
Sunday, November 24, 2024 5:14 AM IST
ചേർത്തല: സഹൃദയ ഇറ്റാലിയൻ ബിഷപ്സ് കോൺഫ്രൻസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിമൻ എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി വൈക്കം, ചേർത്തല മേഖലകളിൽനിന്നുള്ള വനിതാ സംരംഭകർക്കായി സൗജന്യ നൈപുണ്യ വികസന പരിശീലനം സംഘടിപ്പിച്ചു.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചേർത്തല സഹൃദയ മേഖലാ ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു.
നഗരസഭാ കൗൺസിലർ എസ്. സനീഷ്, ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം പരിശീലകൻ അജയ് ശങ്കർ, പരിശീലക സിനി ലാലൻ, സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സെബിൻ ജോസഫ്, റീജണൽ കോ-ഓർഡിനേറ്റർ റാണി ചാക്കോ എന്നിവർ സംസാരിച്ചു.
ആറു ദിവസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ട്രയിനിംഗ് ഇൻ ടെയിലറിംഗ്, അഡ്വാൻസ്ഡ് ഫുഡ് പ്രോസസിംഗ് എന്നീ പരിശീലനങ്ങളിൽ 40 വനിതകളാണ് പങ്കെടുത്തത്.
പരിശീലനത്തോടനുബന്ധിച്ച് തയാറാക്കിയ ഭക്ഷ്യവസ്തുക്കളുടെയും തയ്യൽ, കരകൗശല വസ്തുക്കളുടെയും പ്രദർശനവും സംഘടിപ്പിച്ചു.
പരിശീലനം വിജയകരമായി പൂർത്തിയാക്കി പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരിൽ പ്രവർത്തനവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അർഹത നേടുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.