പ്രേംകുമാറിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു
1481072
Friday, November 22, 2024 5:38 AM IST
ആലപ്പുഴ: നഗരസഭ ശുചീകരണ തൊഴിലാളിയായിരിക്കെ അന്തരിച്ച കറുകയില്‍ വാര്‍ഡില്‍ പ്രേം കുമാറിന്റെ വീടെന്ന സ്വപ്നം നഗരസഭ സാക്ഷാത്കരിക്കുന്നു. കല്ലിടല്‍ കര്‍മം നഗരസഭാധ്യക്ഷ കെ.കെ ജയമ്മ നിര്‍വഹിച്ചു. നഗരസഭയില്‍ കഴിഞ്ഞവര്‍ഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ശുചീകരണ വിഭാഗം തൊഴിലാളിയായി ജോലി ചെയ്യുന്ന വേളയില്‍ ഫെബ്രുവരി മാസത്തില്‍ പനി ബാധിതനായി പ്രേംകുമാര്‍ മരണപ്പെടുകയായിരുന്നു.
പ്രേംകുമാറിന് രണ്ടു പെണ്മക്കളാണുള്ളത്. ഭാര്യ സരിതയും കാന്‍സര്‍ ബാധിതനായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രേംകുമാര്‍. താത്കാലിക ജീവനക്കാരന് ആയതിനാല്‍ തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തി അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സഫലമാക്കുകയാണ് നഗരസഭ.
പൊതു പണമോ, പുറമെ നിന്നുള്ള പിരിവോ ഒന്നുമില്ലാതെ ജനപ്രതിനിധികളും നഗരസഭാ ജീവനക്കാരും സഹ തൊഴിലാളികളും ഹരിതകര്‍മസേനാംഗങ്ങളും ചേര്‍ന്ന് പണം സ്വരൂപിച്ച് ഏകദേശം 10 ലക്ഷം രൂപ ചെലവ് വരുന്ന രീതിയിലാണ് വീട് നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. വീടിന്റെ പ്ലാനും നിര്‍മാണ ചുമതലയും ജാഫില്‍ അസോസിയേറ്റ്സ് ഉടമ ജഫിന് ആണ് സേവന മനോഭാവത്തോടെ ഏറ്റെടുത്തിട്ടുള്ളത്.
ചടങ്ങില്‍ വൈസ് ചെയര്മാന് പിഎസ്എം ഹുസൈന്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്. പ്രേം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എസ്. കവിത, സെക്രട്ടറി എ.എം. മുംതാസ്, സൂപ്രണ്ട് അനില്‍ കുമാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, തൊഴിലാളികള്‍, പ്രേംകുമാറിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.