സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
1481586
Sunday, November 24, 2024 5:14 AM IST
ചാരുംമൂട്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കൊടുവലേത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീൺ (31) ആണ് അറസ്റ്റി ലായത്. കഴിഞ്ഞ എട്ടിനാണ് സംഭവം.
വൈകിട്ട് നാലിന് നൂറനാട് ഇടക്കുന്നത്ത് സ്കൂൾ വിട്ടുവന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറിൽ ഹെൽമെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന പ്രതി നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചുവലിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് അതുവഴിവന്ന ഹരിതകർമ സേനാംഗങ്ങളായ രണ്ടു സ്ത്രീകൾ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിനുശേഷം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ പുറകെ ഹരിത കർമ സേന അംഗങ്ങളായ യുവതികൾ ഇലക്ട്രിക് ഓട്ടോയിൽ പെരുമഴയത്ത് പിന്തുടർന്നുവെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിന്റെ അവസാനത്തെ രണ്ടു നമ്പരും വെളുത്ത ആക്ടീവാ സ്കൂട്ടർ ആണെന്നും മാത്രമേ കുട്ടിക്കും ഹരിത കർമ സേനാംഗങ്ങള്‍ക്കും തിരിച്ചറിയാൻ കഴിഞ്ഞുള്ളു. തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ അന്നുതന്നെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്.
ആലപ്പുഴ, കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ മാവേലിക്കര എന്നീ സ്ഥലങ്ങളിൽ കഞ്ചാവ് വിപണനം, മോഷണം, അബ്കാരി ഇടപാടുകൾ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ പോലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തിട്ടുളളതായി കണ്ടെത്തി. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.