കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം : നഷ്ടപരിഹാരക്കേസ് കോടതി തള്ളി
1481574
Sunday, November 24, 2024 5:02 AM IST
ചേര്‍ത്തല: അരൂര്‍ വില്ലേജ് ഓഫീസിനു സമീപമുള്ള കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ച കേസില്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ് തള്ളി കോടതി.
2012 സെപ്റ്റംബര്‍ 23ന് ഉച്ചയ്ക്ക് ഹാപ്പ തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിന്‍ കാറില്‍ ഇടിച്ച് കാര്‍ ഡ്രൈവറും ഒരു കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേരാണ് തല്‍ക്ഷണം മരിച്ചത്.
മരിച്ച കാര്‍ ഡ്രൈവര്‍ അരൂര്‍ പടിഞ്ഞാറെ കളത്തില്‍ സുമേഷിന്റെ അമ്മ വിജയാനി 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി റയില്‍വേ മന്ത്രാലയത്തിനെയും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരെയും എതിര്‍കക്ഷികളാക്കി 2014ല്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസാണ് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ റെയില്‍വേയ്ക്ക് അനുകൂലമായി തള്ളിക്കൊണ്ട് ചേര്‍ത്തല സബ് ജഡ്ജി എസ്. ലക്ഷ്മി ഉത്തരവായത്.
റെയില്‍വേ നിയമമനുസരിച്ചും റെയില്‍വേ ക്ലെയിംസ് ടിബ്യൂണല്‍ ആക്ട് അനുസരിച്ചും സിവില്‍ കോടതികള്‍ക്ക് ഇത്തരം നഷ്ടപരിഹാര കേസ് പരിഗണിക്കാന്‍ സാധിക്കില്ല എന്ന വാദം ശരിവച്ചുകൊണ്ടാണ് കോടതി നഷ്ടപരിഹാരക്കേസ് തള്ളിയത്.
കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്ന സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്ന റെയില്‍വേയുടെ വാദവും കോടതി പരിഗണിച്ചു. അപകടക്കേസില്‍ മരണമടഞ്ഞവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അക്കാലത്ത് റയില്‍വേ നല്‍കിയിരുന്നു.
തീരദേശപാതയിലെ എല്ലാ ലെവല്‍ ക്രോസുകളിലും കാവല്ക്കാരെ അടിയന്തരമായി നിയമിക്കാനും അപകടത്തെ തുടര്‍ന്നു തീരുമാനമായിരുന്നു.
സുമേഷിന്റെ ബന്ധുക്കളായ നാരായണന്, കാര്ത്തികേയന്, ചെല്ലപ്പന് എന്നിവരും അയല്‍വാസി വിന്‍സന്റിന്റെ രണ്ടര വയസുള്ള നെല്‍ഫിന്‍ എന്ന കുട്ടിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. റയില്വേയ്ക്കുവേണ്ടി അഡ്വ. അനില്‍ വിളയില്‍ കോടതിയില്‍ ഹാജരായി.