വേലിയേറ്റം: കായലോരവാസികൾ ദുരിതത്തിൽ
1481581
Sunday, November 24, 2024 5:14 AM IST
ഹരിപ്പാട്: ആറാട്ടുപുഴ കിഴക്കക്കരയിൽ വേലിയേറ്റം മൂലം വീടുകൾ വെള്ളത്തിലായി. കാർഷിക വിളകളുംനശിച്ചു. വൃശ്ചിക വേലിയേറ്റം കൂടും തോറും തീരദേശ ജനങ്ങളുടെ കൃഷി, അടിസ്ഥാന കാര്യങ്ങളായ ശുദ്ധജലം, വീടുകൾ എന്നിവയ്ക്ക് കടുത്ത ഭീഷണി നേരിടുകയാണ്.
2022-23ലെ ബജറ്റിൽ 10 കോടി രൂപ മണിവേലിക്കടവ്– കൊച്ചിയുടെ ജെട്ടി തീരസംരക്ഷണഭിത്തി നിർമിക്കാൻ രമേശ് ചെന്നിത്തല എംഎൽഎയുടെ അഭ്യർഥന പ്രകാരം തുക വകയിരുത്തി മേജർ ഇറിഗേഷൻ പദ്ധതി രേഖ, എസ്റ്റിമേറ്റ് എന്നിവ സമർപ്പിക്കുകയും റവന്യു വിഭാഗം തീരദേശ സർവേ പൂർത്തീകരിക്കുകയുംചെയ്തു. എന്നാൽ, നാളിതുവരെയായിട്ടും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല.
ആറാട്ടുപുഴ കിഴക്കേക്കരയിലെ തോടുകളിൽ നേരത്തെ സ്ഥാപിച്ചിട്ടുള്ള ഷട്ടർ തുരുമ്പെ ടുത്തു പ്രവർത്തനക്ഷമമല്ലാതെ ആയതിനാൽ തോടുകളിൽ കൂടി ഉപ്പുവെള്ളം കയറിവരികയും കൃഷി, ജലവിതരണ സംവിധാനം, വീട് എന്നിവയ്ക്കു നാശം നേരിടുകയുമാണ്.
ഇതു തടയുന്നതിനായി ഇവിടങ്ങളിൽ താത്കാലിക ബണ്ട് സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആറാട്ടുപുഴ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടി.പി. അനിൽകുമാർ മൈനർ ഇറിഗേഷൻ വകുപ്പ് ഹരിപ്പാട് അസി. എൻജിനിയർക്ക് നിവേദനം നൽകി.