കേരളത്തിന് മികച്ച സമുദ്ര സംസ്ഥാനത്തിനുള്ള പുരസ്കാരം: മത്സ്യത്തൊഴിലാളികളുടെ പങ്കും നിസ്തുലം: കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന്
1481318
Saturday, November 23, 2024 5:00 AM IST
ആലപ്പുഴ: ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഏര്‍പ്പെടുത്തിയ മികച്ച സമുദ്ര സംസ്ഥാനത്തിനുള്ള പുരസ്കാരത്തിന് (ബെസ്റ്റ് മറൈന്‍ സ്റ്റേറ്റ് അവാര്‍ഡ്) കേരളത്തെ അര്‍ഹമാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കഠിനാധ്വാനവും നിസ്തുലമായ പങ്കുവഹിച്ചതായി കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന് കേന്ദ്ര കമ്മിറ്റി.
അവാര്‍ഡിന് അര്‍ഹമാക്കിയ സൂചികകളില്‍ ഒന്നാമത് കടല്‍ മത്സ്യ സമ്പത്തിന്റെ ഉത്പാദനമാണ്. ന്യൂനമര്‍ദങ്ങളെയും അപകട സാഹചര്യങ്ങളെയും അതിജീവിച്ച് മത്സ്യസമ്പത്ത് കരയ്ക്കെത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം.
കേന്ദ്രപദ്ധതികളുടെ സമയബന്ധിതവും സുതാര്യവുമായ നടത്തിപ്പ്, മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യമേഖലയുടെ വികസനത്തിനുമായി നടപ്പിലാക്കിയ നൂതനമായ പദ്ധതികള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ പുരസ്കാരത്തിന് അര്‍ഹമാക്കിയ മറ്റ് ഘടകങ്ങളെന്നും കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന് കേന്ദ്ര കമ്മിറ്റി പറഞ്ഞു.
ലോക മത്സ്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടം മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കും തീരസുരക്ഷയ്ക്കും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുമെന്നും കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന് കേന്ദ്ര കമ്മിറ്റി അറിയിച്ചു.