സേവ് എഎസ് കനാല്‍ പദ്ധതി: ജനകീയ ശുചീകരണം 24ന്
1481075
Friday, November 22, 2024 5:38 AM IST
ചേര്‍ത്തല: സേവ് എഎസ് കനാല്‍ കര്‍മപദ്ധതിയുടെ ഭാഗമായുള്ള ജനകീയ ശുചീകരണം 24ന് നടക്കും. ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ തുടക്കമിട്ട മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ജനകീയ ശുചീകരണം. നഗരത്തിലൂടെയുള്ള കനാലിന്റെ അഞ്ചു കിലോമീറ്റര്‍ ഭാഗമാണ് ശുചീകരിക്കുന്നത്. ഇരുകരകളിലെയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ നീക്കുകയാണ് ജനകീയ ശുചീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 7.15 മുതല്‍ 12 വരെയുള്ള ശുചീകരണത്തില്‍ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ 5000പേരാണ് പങ്കെടുക്കുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.എസ്. സാബു, ശോഭാ ജോഷി, ഏലിക്കുട്ടി ജോണ്‍, ക്ലീന്‍സിറ്റി മാനേജര്‍ എസ്. സുദീപ്, ആര്.എം. പത്മകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഇരുകരകളിലുമായി 50 കേന്ദ്രങ്ങളിലായാണ് ശുചീകരണം.
ഓരോ കേന്ദ്രത്തിലും 200 വോളണ്ടിയര്‍മാര്‍ വീതം അണിനിരക്കും. വിവിധ രാഷ്ട്രീയ, കല, സാംസ്കാരിക, സംഘടനകളും യുവജന സംഘടനകളും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്സ് അസോസിയേഷന് തുടങ്ങിയവയും പങ്കാളികളാകും.
എട്ടു കേന്ദ്രങ്ങളിലായി രാവിലെ 7.15ന് ശുചീകരണം ഉദ്ഘാടനം നടക്കും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം മന്ത്രി പി. പ്രസാദ് ശുചീകരണം ഉദ്ഘാടനം ചെയ്യും. ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയാകും. ഇരുമ്പുപാലത്തിനു വടക്ക് പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ടി. ജോസഫ് അധ്യക്ഷനാകും.