ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി; സർക്കാർ സഹായം കടലാസിലൊതുങ്ങി
1481076
Friday, November 22, 2024 5:38 AM IST
അമ്പലപ്പുഴ: ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയ കുടുംബത്തിനു മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം ലഭിച്ചില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കിഴക്ക് പുത്തൻചിറ ഉസ്മാൻ കുഞ്ഞിന്റെ കുടുംബത്തിനാണ് ആറുമാസം പിന്നിട്ടിട്ടും സർക്കാരിന്റെ ചില്ലിക്കാശു പോലും ലഭിക്കാത്തത്.
ജൂൺ 26ന് പുലർച്ചെ 5.30 ഓടെയുണ്ടായ ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്ന് സമീപത്തെ പുരയിടത്തിൽ വീഴുകയായിരുന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരിക്കുമേറ്റിരുന്നു.
അപകടവിവരമറിഞ്ഞ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേലാണ് എല്ലാവരും മടങ്ങിയത്.
കനത്ത മഴയിൽ കിടക്കാനിടമില്ലാതെ ദുരിതത്തിലായ ഈ കുടുംബത്തിനെ സഹായിക്കാൻ പിന്നീട് ഒരു കൂട്ടം സുമനസുകൾ രംഗത്തെത്തുകയായിരുന്നു. അമ്പലപ്പുഴയിലെ ഒരു ബേക്കറിയിലെ ജീവനക്കാരനായ ഉസ്മാന്റെ കുടുംബത്തെ വ്യാപാരികളും പ്രവാസി സംഘടനയും ചേർന്നാണ് സഹായിച്ചത്. വീടു നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭിക്കാൻ വർഷങ്ങൾക്കു മുൻപ് അപേക്ഷ നൽകിയെങ്കിലും ഇതും കടലാസിൽ മാത്രമായി.
വർഷങ്ങൾക്ക് മുൻപ് മറ്റുള്ളവരുടെ സഹായവും കുടി തേടിയാണ് വീടു നിർമിച്ചത്. എന്നാൽ, പ്രകൃതി കലി തുള്ളിയപ്പോൾ വീട് താമസയോഗ്യമല്ലാതാകുകയായിരുന്നു. ഭാര്യയും മകന്റെ മൂന്നു പിഞ്ചുകുഞ്ഞുങ്ങളുമായാണ് താമസം.
പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവർക്ക് ലഭിക്കേണ്ട അടിയന്തര ധനസഹായം പോലും മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്ത ഈ കുടുംബം ഇനി എന്ന് സഹായം കിട്ടുമെന്ന് കാത്തിരിക്കുകയാണ്.