സിബിഎൽ കൈനകരി ജലമേള: പുന്നമട ആവർത്തിച്ച് പള്ളാത്തുരുത്തി
1481575
Sunday, November 24, 2024 5:02 AM IST
മങ്കൊമ്പ്: ചാമ്പ്യൻസ് ബോട്ട് ലീഗ് കൈനകരി ജലമേളയിൽ പുന്നമടയിലെ കുതിപ്പ് തുടർന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജേതാക്കൾ. കാരിച്ചാൽ ചുണ്ടനിൽ തുഴഞ്ഞ പിബിസി 3:57:51 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
വാശിയേറിയ ഫൈനൽ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ട (3:58:42 മിനിറ്റ്) നെ തുഴപ്പാടുകളുടെ മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്കു പിൻതള്ളിയാണ് പള്ളാത്തുരുത്തി പുന്നമടയിലെ വിജയക്കുതിപ്പ് ആവർത്തിച്ചത്. ആതിധേയരായ കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (4:01:63 മിനിറ്റ്) മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു.
ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ രണ്ടാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ ഒന്നാമതെത്തി. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം രണ്ടും കുമരകം ബോട്ട് ക്ലബിന്റെ മേൽപാടം മൂന്നാമതായും ഫിനിഷ് ചെയ്തു.
സെക്കന്റ് ലൂസേഴ്സ് ഫൈനൽ മൽസരത്തിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാട്, പുന്നമട ബോട്ട ക്ലബിന്റെ ചമ്പക്കുളം, ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയദിവാൻജി എന്നിവർ യഥാക്രമം മൽസരത്തിലെ ഏഴും എട്ടും ഒൻപതും സ്ഥാനങ്ങൾ നേടി.
കൃഷിമന്ത്രി പി. പ്രസാദ് ജലമേള ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സി.കെ. സദാശിവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, തോമസ് കെ. തോമസ് എംഎൽഎ, കെ.കെ. ഷാജു, ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്തംഗം ടി.ജി. ജലജാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.