കായംകുളം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ
1481070
Friday, November 22, 2024 5:28 AM IST
കായംകുളം: നഗരസഭയിൽ കഴിഞ്ഞ 16ന് നടന്ന കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് ആറു ദിവസം കഴിഞ്ഞിട്ടും കൗൺസിലർമാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
നിയമപ്രകാരം യോഗം കഴിഞ്ഞ് 96 മണിക്കൂറിനകം മിനിട്സ് രേഖപ്പെടുത്തി ചെയർപേഴ്സണ് നൽകി കൗൺസിലർമാർക്ക് പകർപ്പ് നൽകണമെന്നാണ് ചട്ടം. എന്നാൽ കേന്ദ്രത്തിൽനിന്നു ലഭിച്ച ഗ്രാൻഡ് തുകയായ നാലരക്കോടി രൂപ ഇഷ്ടക്കാർക്ക് നൽകാൻ കൗൺസിലിന്റെ അംഗീകാരം പോലുമില്ലാതെ പദ്ധതികൾ ഡിപിസിക്ക് അയയ്ക്കാൻ വേണ്ടിയാണ് മിനിട്സ് നൽകാതിരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രതിപക്ഷ കൗൺസിലർമാരെ ഒഴിവാക്കി തുക വിനിയോഗിക്കുന്നതിന് സെക്രട്ടറിയെയും സെക്ഷൻ ക്ലാർക്കിനെയും സമ്മർദം ചെലുത്തി അധികാര ദുർവിനിയോഗം നടത്തുകയാണ്. ഉദ്യോഗസ്ഥർക്ക് രേഖാമൂലം നിർദേശം നൽകാതെ വാക്കാൽ സഭയുടെ അംഗീകാരമില്ലാത്ത പണികൾ പദ്ധതിയിൽ ചേർക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
രേഖാമൂലമുള്ള ഉത്തരവുകൾ ഇല്ലാതെ പദ്ധതികൾ കമ്പ്യൂട്ടറിൽ ചേർത്ത ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കണം. കേന്ദ്ര ഫണ്ട് ദുർവിനിയോഗം ചെയ്യുന്നത് അഴിമതിയാണ്. മിനിട്സ് 24 മണിക്കൂറിനുള്ളിൽ നൽകാമെന്നും ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി നൽകിയ ഉറപ്പിന്മേലാണ് ഉപരോധസമരം അവസാനിപ്പിച്ചതെന്ന് യുഡിഎഫ് നേതാക്കന്മാർ പറഞ്ഞു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ കെ. പുഷ്പദാസ്, പി.സി. റോയ്, എ.പി. ഷാജഷൻ, ബിദു രാഘവൻ, അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള, ആർ. സുമിത്രൻ, അൻഷാദ് വാഹിദ്, പി. ഗീത, അംബിക, മിനി സാമുവൽ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.