ടിഎം ചിറക്കാർക്കു പുതിയ പാലം ഇനിയും അകലെ
1481315
Saturday, November 23, 2024 5:00 AM IST
കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് അതിർത്തിയിലെ കായംകുളം കായലിനോടു ചേർന്നുള്ള ടിഎം ചിറയിലെ ദ്വീപ് നിവാസികൾ ഒരു പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളാകുന്നു. സംസ്ഥാന ബജറ്റുകളിൽ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും പാലം നിർമാണം ഇന്നും പ്രഖ്യാപനത്തിൽ മാത്രമായി നിലകൊള്ളുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിലും 30 കോടി പുതിയ പാലത്തിനായി വകയിരുത്തിയിരുന്നു.
പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകള്‍ക്കു നാശം സംഭവിക്കും എന്നു ചൂണ്ടിക്കാട്ടി മുമ്പ് ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതോടെ പാലം നിർമാണം അനിശ്ചിതത്വത്തിലാകുകയായിരുന്നു.
ഇതിനിടയിൽ കണ്ടൽക്കാടിനു ദോഷം വരാത്ത രീതിയിൽ പാലം ഉദ്ദേശിച്ച സ്ഥലത്തുനിന്നു മാറ്റി നിർമിക്കാൻ ആലോചന നടന്നെങ്കിലും ഇതും എങ്ങുമെത്തിയില്ല. കരുനാഗപ്പള്ളി, കായംകുളം മണ്ഡലങ്ങളുടെ അതിർത്തി മേഖലയാണ് ടിഎം ചിറ. കായംകുളം കായലിലെ ഈ ദ്വീപില്‍ താമസിക്കുന്ന അറുപതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരമായാണ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്.
തച്ചടി പ്രഭാകരന് എംഎല്‍എ ആയിരുന്നപ്പോള്‍ നിര്‍മിച്ച ഒരു നടപ്പാലമായിരുന്നു ദ്വീപ് നിവാസികളുടെ പുറംലോകത്തേക്കുള്ള ഏക സഞ്ചാര മാർഗം. കാലപ്പഴക്കംചെന്ന നടപ്പാലം കോൺക്രീറ്റ് ചെയ്തെങ്കിലും കഴിഞ്ഞ ദിവസം ഈ നടപ്പാലം തകർന്നുവീണു. ഇതോടെ ദ്വീപ് നിവാസികളുടെ ദുരിതം ഇരട്ടിയായി.
മഴക്കാലത്തും വേലിയേറ്റ സമയത്തും വള്ളങ്ങളിലാണ് നാട്ടുകാരുടെ യാത്ര. ദ്വീപ് നിവാസികൾക്ക് അടിയന്തര ചികിത്സ തേടിയോ മറ്റോ ആശുപത്രിയിൽ എത്തണമെങ്കിൽ ഇവിടത്തുകാർക്കു പലപ്പോഴും ദുരിതമാണ്. അതിനാല്‍ ചെറിയ ആംബുലന്‍സ് എങ്കിലും കടന്നുപോകുന്ന പാലം വേണമെന്നത് ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം.
ഇതേത്തുടര്‍ന്നാണ് നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.65 കോടി രൂപ ചെലവഴിച്ചു ടിഎം ചിറയിലേക്കു പുതിയപാലം നിർമിക്കാൻ ഭരണാനുമതി ലഭിച്ചത്. ഇതേത്തുടർന്നു ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നല്‍കുകയും ചെയ്തു.
സർക്കാർ ഫിഷ് ഫാമിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കു നടുവിലൂടെയാണു പുതിയ പാലം നിർമിക്കാൻ ലക്ഷ്യമിട്ടത്. അതിനാല്‍ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ആവശ്യമായിരുന്നു.
എന്നാല്‍, പാലത്തിന്റെ നിര്‍മാണം കണ്ടല്‍ക്കാടുകള്‍ക്കു വലിയ തോതില്‍ നാശമുണ്ടാക്കുമെന്ന കാരണത്താല്‍ ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചു. ഇതോടെ ടിഎം ചിറയിലെ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ പുതിയ പാലം നിർമാണം അനിശ്ചിതത്വത്തിലാകുകയായിരുന്നു.