വിജിലൻസ് പരിശോധന : മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടനിർമാണത്തിൽ വൻ ക്രമക്കേട്
1481293
Saturday, November 23, 2024 4:48 AM IST
ആലപ്പുഴ: വിജിലൻസ് പരിശോധനയിൽ ആശുപത്രി കെട്ടിട നിർമാണത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. 180 കോടി രൂപ ചെലവിൽ നിർമിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടനിർമാണത്തിലാണ് ഗുരുതര ക്രമക്കേട് ആഭ്യന്തര വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പി പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്. രാവിലെ പ്രിൻസിപ്പൽ ഓഫീസിലെത്തിയ സംഘം കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു.
പിന്നീട് സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലെത്തി ഇവിടെയും പരിശോധന നടത്തി. പരിശോധനയിൽ കെട്ടിട നിർമാണത്തിലും ഇലക്ട്രിക്, പ്ലംബിംഗ് വിഭാഗങ്ങളിലും ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തി.
180 കോടി രൂപ ചെലവിഴിച്ചു നിർമിച്ച ഈ കെട്ടിടത്തിൽ ചെറിയ മഴ പെയ്താൽ പോലും ചോർച്ചയുണ്ടാകുന്നത് പതിവാണ്. തുടർന്നാണ് ചില സംഘടനകൾ വിജിലൻസിന് പരാതി നൽകിയത്. ഒരു വർഷം മുൻപ് മുഖ്യമന്ത്രിയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ. അനൂപ്, പി.എസ്. അനൂപ്, ജോഷി ഇഗ്നേഷ്യസ്, ആലപ്പുഴ സ്പെഷൽ ഇന്റലിജൻസ് ടീം എഎസ്ഐ ഡി. സുരേഷ്, സിവിൽ പോലീസ് ഓഫീസർ എസ്. സനിൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നടത്തിയത്.