കുറുവാഭീതി വിട്ടുമാറാതെ മുഹമ്മ
1481290
Saturday, November 23, 2024 4:48 AM IST
മുഹമ്മ: കുറുവാഭീതിയുടെ മുൾമുനയിലാണ് മുഹമ്മ. കഴിഞ്ഞ ദിവസം കൂബ്ളിക്കാട് പീടികവെളിയിൽ രാധാമണിയുടെ വീട്ടിൽ മോഷണശ്രമം നടന്നതും അയൽവീടുകളിൽ പൈപ്പ് തുറന്നുവിട്ടതുമായ സംഭവങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംശയാസ്പദ സാഹചര്യങ്ങളിൽ അപരിചിതരെ കണ്ടതായുള്ള വാർത്ത പരക്കുന്നത്.
മുഹമ്മ തോട്ടുമുഖപ്പിൽ ആളൊഴിഞ്ഞ പറമ്പിൽ മലയാളികളല്ലാത്ത രണ്ടു പേരെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സാമുഹികവിരുദ്ധശല്യം ഏറെയുള്ള മേഖലയാണ് തോട്ടുമുഖപ്പിൽ തീരം. നാലുവശവും മതിലുള്ളതും ഗേറ്റ് പൂട്ടിയതുമായ പറമ്പിലാണ് അപരിചിതരെ കണ്ടത്. മതിൽ ചാടിക്കയറിയാണ് ഇവർ അകത്തുകടന്നത്.
രണ്ടുപേർ ഉറങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാർ അടുത്തു ചെല്ലുകയായിരുന്നു. നാട്ടുകാർ ചോദിച്ചപ്പോൾ ഉറങ്ങാൻ കയറിയതാണെന്ന മറുപടിയാണ് നൽകിയത്. കുടുതൽ ചോദ്യങ്ങൾക്ക് ഇടം നൽകാതെ മുഖം കഴുകി പോകുകയും ചെയ്തു.
കായിപ്പുറം ആയുർവേദ ആശുപത്രിക്ക് കിഴക്കുഭാഗത്ത് ആക്രി പെറുക്കാനെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്ന രാജേന്ദ്രന്റെ കടയുടെ കിഴക്ക് ഭാഗത്തുള്ള ഇടവഴിയിലാണ് ഇവരെ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ആലപ്പുഴ നിവാസികളാണെന്ന് മനസിലാക്കി വിട്ടയയ്ക്കുകയുമായിരുന്നു. തണ്ണീർമുക്കം വാതാപറമ്പ് ക്ഷേത്രത്തിന് സമീപവും നാലു പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു.
നഗരത്തിൽ ജനജാഗ്രതാ കൂട്ടായ്മ ഇന്ന്
ആലപ്പുഴ: നഗരത്തിൽ കുറുവാസംഘത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനജാഗ്രതാ കൂട്ടായ്മ ഇന്നു നടക്കും. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, നഗരത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പോലീസ്, റെസിഡന്റ്സ്, കുടുംബശ്രീ, യുവജന സംഘടനകള്‍, പുരുഷ അയല്‍ക്കൂട്ടം, ക്ലബ്ബുകള്‍ എന്നിവരുടെ യോഗം നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നു മൂന്നിന് കൗണ്‍സില്‍ ഹാളില്‍ ചേരും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കുന്ന ജാഗ്രതാ സമിതി യോഗത്തില്‍ ആലപ്പുഴ ഡിവൈഎസ്പി എം.ആര്. മധുബാബു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.