അനധികൃത പണമിടപാട് നടത്തിവന്ന യുവാവ് പോലീസ് പിടിയിൽ
1481296
Saturday, November 23, 2024 4:48 AM IST
എടത്വ: മണി ലെൻഡിംഗ് ലൈസൻസില്ലാതെ അനധികൃതമായി പണമിടപാട് നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിൽ. തലവടി പഞ്ചായത്ത് 13-ാം വാർഡിൽ കടവന്ത്ര വീട്ടിൽ മഹേഷ് (43) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 6,91,450 രൂപ കണ്ടെടുത്തു.
മഹേഷ് അനധികൃതമായി പണമിടപാട് നടത്തുന്ന വിവരം പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി കൈമാറി. ഡിവൈഎസ്പി എടത്വ പോലീസിന് അന്വേഷണച്ചുമതല നൽകി.
എടത്വ പോലീസ് മഹേഷിന്റെ വീട് റൈഡ് ചെയ്യുമ്പോഴാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷത്തോളം രൂപ അലമാരയിൽനിന്ന് കണ്ടെടുത്തത്. പണം കൂടാതെ വാഹനങ്ങളുടെ ആർസി ബുക്ക്, ചെക്ക്, മുദ്രപത്രം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷിച്ചെത്തുമ്പോൾ പ്രദേശവാസിയായ ഒരു വീട്ടമ്മയും ഇയാൾക്കെതിരേ പരാതി നൽകി.
മകളുടെ പഠനാവശ്യത്തിന് വാങ്ങിയ പണത്തിന്റെ പേരിൽ മഹേഷ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് വീട്ടമ്മയുടെ പരാതി. മണി ലെൻഡിംഗ് ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ച പേരിലും പോലിസ് കേസെടുത്തു.
ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷ്, എടത്വ എസ്ഐമാരായ എൻ. രാജേഷ്, സി.ജി. സജികുമാർ, സീനിയർ സിപിഒ ഹരികൃഷ്ണൻ, പ്രിയകുമാരി, സിപിഒ അജിത്ത് കുമാർ, ശ്രീരാജ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.