കാവാലം പാലം: നടപടികൾ വൈകുന്നതിൽ പ്രതിഷേധം
1481570
Sunday, November 24, 2024 5:02 AM IST
മങ്കൊമ്പ്: കാവാലം-തട്ടാശേരി പാലം നിർമാണത്തിന് കിഫ്ബിയുടെ അന്തിമ സാമ്പത്തിക അനുമതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.
അടുത്തിടെ ചേർന്ന കിഫ്ബി യോഗത്തിലും പുതുക്കിയ എസ്റ്റിമേറ്റിന് സാമ്പത്തിക അനുമതി ലഭിക്കാതെ വന്നതോടെ ടെൻഡർ നടപടികൾ ഇനിയും നീളുമെന്ന സാഹചര്യമാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റും കാരണം നീണ്ട കാലയളവിനു ശേഷമാണ് കിഫ്ബി യോഗം അടുത്തിടെ ചേർന്നത്.
ഈ യോഗത്തിൽ കാവാലം പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുസംബന്ധിച്ച് കുട്ടനാട് എംഎൽഎ ഉൾപ്പടെയുള്ളവരും കിഫ്ബി അധികാരികളുമായി ചർച്ച നടത്തിയിരുന്നു. പാലത്തിന്റെ 46 കോടി രൂപയുടെ എസ്റ്റിമേറ്റ് 73 കോടിയായി വർധിപ്പിച്ചിരുന്നു.
ഇതിനാണ് അനുമതി ലഭിക്കേണ്ടത്. നാല് കോടി രൂപയാണ് ആദ്യം സ്ഥലം ഏറ്റെടുക്കലിനായി അനുവദിച്ചിരുന്നത്. എന്നാൽ നടപടി പൂർത്തിയാക്കാൻ 11 കോടിയോളം രൂപ വേണ്ടി വന്നു. ഇതും കൂടി ഉൾപ്പെടുത്തിയതാണ് പുതുക്കിയ എസ്റ്റിമേറ്റ്.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി പദ്ധതി പ്രദേശത്തെ നിർമാണങ്ങൾ പൊളിച്ച് നീക്കിയിട്ടും പാലത്തിന്റെ ടെൻഡർ നടപടിക്ക് അനിവാര്യമായ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിക്കാത്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് കാവാലം പാലം സമ്പാദക സമിതി യോഗം ആരോപിച്ചു.
പാലം നിർമാണം ഉടൻ ആരംഭിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്തുമന്ത്രി, കിഫ്ബി സിഇഒ, ആലപ്പുഴ കളക്ടർ എന്നിവർക്ക് സമിതി നിവേദനം നൽകി. അടിയന്തര നടപടികൾ ഉണ്ടാകാത്തപക്ഷം ജനകീയ സമരം പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി.