കിടപ്പുമുറിക്ക് തീപിടിച്ച് സ്വർണം നഷ്ടമായ സംഭവം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
1481577
Sunday, November 24, 2024 5:02 AM IST
മവേലിക്കര: നഗരസഭയിൽ പതിനേഴാം വാർഡിൽ വീടിന്റെ കിടപ്പുമുറിക്കു തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
വ്യാഴം വൈകിട്ട് ആറിനായിരുന്നു സംഭവം. മാവേലിക്കര നഗരസഭയിൽ പോനകം ഹരിഹരം വീട്ടിൽ ജയപ്രകാശിന്റെ ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിക്കാണ് തീ പിടിച്ചത്. സംഭവസമയം ജയപ്രകാശും ഭാര്യ ഹേമലതയും മരുമകൾ ഗായത്രിയും വീടിന് പുറത്ത് പോയിരിക്കുകയായിരുന്നു.
വീടിനു തീപിടിക്കുന്നത് കണ്ട് അയൽവാസികളാണ് ഇവരെ വിവരമറിയിച്ചത്. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കിടപ്പുമുറിയിലെ അലമാരയും മറ്റു സാമഗ്രികളും രേഖകളും നശിച്ചു.
വീടിന്റെ മറ്റു മുറികൾക്ക് നാശമുണ്ടായില്ല. മുകളിലത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും തീപിടിച്ച മുറിയിൽനിന്ന് 31.5 പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്വർണം വാങ്ങിയെന്ന് കരുതുന്ന സ്ഥാപനങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധന സംഘവും ഡോഗ് സ്ക്വാഡും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംശയം തോന്നിയ നിരവധി ആളുകളെ പോലീസ് ചോദ്യം ചെയ്തു.