ആലായിൽ കാട്ടുപന്നി ആക്രമണം: കൃഷി നശിച്ച കർഷകർ കണ്ണീരിൽ
1481317
Saturday, November 23, 2024 5:00 AM IST
ചെങ്ങന്നൂർ: ആലായിൽ കാട്ടുപന്നികൾ ഇറങ്ങി വിളകൾ നശിപ്പിച്ചു. നിരവധി കർഷകർക്ക് കൃഷി നാശനഷ്ടമുണ്ടായി. ആലാ പഞ്ചായത്ത് രണ്ടാം വാർഡിലാണ് ഒരാഴ്ചയായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമായത്. തോട്ടങ്കര മുതൽ തിങ്കളാമുറ്റം വരെയുള്ള ഭാഗങ്ങളിലായാണ് വിളകൾ നശിപ്പിച്ചത്. 15ലധികം കർഷകരുടെ കൃഷികൾ നശിപ്പിച്ചു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, വഴ തുടങ്ങിയവ ചുവടോടെ കു ത്തിമറിച്ചിരിക്കുകയാണ്.
കാട്ടുപന്നികൾ കുട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നതിനാൽ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയമാണെന്നു കർഷകർ പറയുന്നു. തോട്ടങ്കര തിങ്കളാമുറ്റം റോഡിന്റെ ഭാഗത്തെ കാടുകയറിക്കിടക്കുന്ന പുരയിടങ്ങളിലാണ് പന്നികൾ താവളമാക്കിയിരിക്കുന്നത്. കാട്ടുപന്നികളെ തുരത്താൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ആലാ മുഞ്ഞാട്ടുമലയിൽ കെ.വി. ചെറിയാന്റെ അര ഏക്കറോളം സ്ഥലത്തെ മരച്ചീനികളും ചേമ്പ്, കാച്ചിൽ എന്നിവയും പന്നികൾ നശിപ്പിച്ചു.
എല്ലാം വിളവെടുക്കാൻ പാകമായവയായിരുന്നു. സമീപത്തെ കർഷകരായ വിജയമ്മ, ശ്യാമള, വിജയൻ, ഗോപി, സദനൻ എന്നിവരുടെ വിവിധ കാർഷികവിളകൾക്കും നാശമുണ്ടായി. ആലായ്ക്കു പുറമേ, ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ, ചെങ്ങന്നൂർ നഗരസഭ, വെണ്മണി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ പരിചയസമ്പന്നരായ ആളുകളെ ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കാട്ടുപന്നിശല്യം ആദ്യമുണ്ടായത് മുളക്കുഴ പഞ്ചായത്തിലായിരുന്നു. അവിടെ നിന്നിപ്പോൾ ചെങ്ങന്നൂർ ടൗൺ പ്രദേശത്തു വരെയെത്തി. കാട്ടുപന്നി ശല്യം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.