വെൺമണിയിലെ മാലിന്യ പ്രതിസന്ധി: പ്രതിഷേധം ശക്തമാകുന്നു
1481572
Sunday, November 24, 2024 5:02 AM IST
ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിലെ പാറച്ചന്തയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ മാലിന്യക്കൂമ്പാരമായി മാറി. നാലു വർഷമായി ഇവിടെ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരം ശക്തമക്കി.
ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കമ്യൂണിറ്റി ഹാളിൽ സൂക്ഷിക്കുന്നതു കാരണം പ്രദേശത്തുടനീളം ദുർഗന്ധം വ്യാപിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലം കണ്ടത്താൻ കഴിയാത്ത അധികൃതർ ആദ്യം പഞ്ചായത്തിനോടു ചേർന്നുള്ള ഹാളിലും പിന്നീട് അത് നാട്ടുകാരുടെ സാമൂഹിക ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന കമ്മ്യൂണിറ്റി ഹാളിൽ സൂക്ഷിക്കുവാൻ തുടങ്ങി. ഇവിടെ നിന്നു മാലിന്യങ്ങൾ യഥാസമയം നീക്കാത്തതുമൂലം പ്രദേശത്ത് രോഗബാധയുടെ സാധ്യത വർധിച്ചിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഈ മാലിന്യങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിനു സമീപം തന്നെയാണ് ഹോമിയോ ആശുപത്രി, പിഎച്ച്സി സബ് സെന്റർ, യോഗ സെന്റർ തുടങ്ങിയവ പ്രവർത്തിക്കുന്നത്.
നാട്ടുകാരുടെ ജീവിതത്തെ ഗണ്യമായി ബാധിക്കുന്ന ഈ പ്രശ്നം സാമൂഹിക സമാധാനത്തെ അസ്വസ്ഥമാക്കുന്നതിനാൽ കമ്യൂണിറ്റി ഹാളിൽ നിന്ന് മാലിന്യം ഉടനടി നീക്കം ചെയ്യണമെന്നും മാലിന്യം ശാസ്ത്രീയമായി നിർവഹിക്കുന്നതിന് ഒരു മെറ്റീരിയൽ കളക്ഷൻ സെന്റർ അടിയന്തരമായി നിർമിക്കുകയും അതുവരെ മാലിന്യം സൂക്ഷിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുകയും വേണമെന്ന് ആവശ്യമുയർത്തി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ നടന്ന പ്രതിഷേധയോഗം പഞ്ചായത്തംഗം ഉമാദേവി ഉദ്ഘാടനം ചെയ്തു.
വാർസംഗം കെ.എസ്. ബിന്ദു അധ്യക്ഷയായി. അജിതാ മോഹനൻ, മറിയാമ്മാ ചെറിയാൻ, കെ.പി . ശശിധരൻ, മനോഹരൻ മണക്കാല, ലെജു കുമാർ, ഉമ്മച്ചൻ, സി.കെ. കോശി തുടങ്ങിയവർ പ്രസംഗിച്ചു.