കൊല്ലം-തേനി ദേശീയപാത 24 മീറ്റർ വീതിയിൽ നാലുവരി വേണമെന്ന് ദേശീയപാതാ വിഭാഗം
1481321
Saturday, November 23, 2024 5:00 AM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 24 മീറ്റർ വീതിയിൽ നാലുവരി വേണമെന്ന് ദേശീയപാതാ വിഭാഗം. കൊല്ലം കളക്ടറ്റിൽ നടന്ന യോഗത്തിലാണ് ദേശീയപാതാ വിഭാഗം നിലപാട് അറിയിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പിന്റെ മാനദണ്ഡപ്രകാരം കൊല്ലം-തേനി ദേശീയപാതയിൽ കൂടിയുള്ള വാഹനഗതാഗതം പതിനായിരത്തിന് മുകളിൽ ആയതിനാൽ 24 മീറ്റർ വീതിയിൽ നാലുവരി വേണമെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ നിലപാട്.
അതോടൊപ്പം കൊല്ലം പെരിനാട് നിന്ന് 24 മീറ്റർ വീതിയിൽ ബൈപാസ് റോഡ് ഭരണിക്കാവ് ഊക്കൻമൂക്കിലേക്ക് പുതുതായി നിർമിക്കണമെന്നും യോഗത്തിൽ അറിയിച്ചു. അതോടൊപ്പം ആലപ്പുഴ ജില്ലയിലെ റോഡ് കടന്നുപോകുന്ന ഭാഗത്തുനിന്നുള്ള ജനപ്രതിനിധികളുടെ യോഗം ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടണമെന്നും ചീഫ് എൻജിനിയറോട് നിർദേശിച്ചു.
നിലവിൽ അലൈൻമെന്റ് കടന്നുപോകുന്ന മുട്ടം പ്രദേശത്തെ ഒഴിവാക്കി പരമാവധി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി കോളനികൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാത്ത തരത്തിൽ ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലേക്ക് ബൈപാസിന്റെ അലൈൻമെന്റ് പുനർ നിർണയിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി യോഗത്തിൽ ആവശ്യപ്പെട്ടു.
നിലവിലുള്ള റോഡ് പൂർണതോതിൽ വികസിപ്പിക്കണമെന്നും സ്ഥലം ഏറ്റെടുക്കുന്നതിന് സംബന്ധിച്ച് നിരവധി സംഘടനകൾ, മതസ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയിൽനിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നിലവിലുള്ള റോഡ് 16 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കണമെന്നും കൺസൾട്ടിംഗ് യോഗത്തിൽ കൊടിക്കുന്നിൽ ആവശ്യമുന്നയിച്ചു.