നെല്ലുവില വര്‍ധിപ്പിച്ചശേഷമേ കൂലിവര്‍ധന നടപ്പാക്കാവൂ: കര്‍ഷക യൂണിയന്-എം
1481298
Saturday, November 23, 2024 4:48 AM IST
ആലപ്പുഴ: അമിതമായ കൃഷിച്ചെലവുകള്‍ മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ദയനീയ അവസ്ഥ കണക്കിലെടുത്ത് ഈ വര്‍ഷം നെല്ലുവില വര്‍ധിപ്പിച്ചതിനു ശേഷം മാത്രമേ കുട്ടനാട്ടില്‍ കൂലി വര്‍ധന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാവൂവെന്ന് കേരള കര്‍ഷക യൂണിയന്-എം. വളത്തിനും കീടനാശിനികള്‍ക്കും വില വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും കര്‍ഷക യൂണിയന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച നെല്ലുവില അടിയന്തിരമായി കര്‍ഷകര്‍ക്ക് ലഭിക്കത്തക്കവിധം നെല്ലുവില വര്‍ധിപ്പിക്കുക, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നകുകക, വിള ഇന്‍ഷ്വറന്‍സ് വ്യക്തിഗതമായി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക,
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകൃതമായ രീതിയില്‍ വേലിയേറ്റം വേലിയിറക്കം, കിഴക്കന്‍ വെള്ളത്തിന്റെ വരവ് എന്നിവ പരിശോധിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിന് സ്ഥിര സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ജലവിഭവമന്ത്രിക്കും നിവേദനം നൽകുന്നതിന് കിടങ്ങറയില്‍ ചേര്‍ന്ന കര്‍ഷക യൂണിയന്-എം ആലപ്പുഴ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന് ജില്ലാ പ്രസിഡന്റ് ജോണിച്ചന് മണലില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് കെ. നെല്ലുവേലി, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, ജില്ലാ സെക്രട്ടറിമാരായ കെ.പി. കുഞ്ഞുമോന്,
ഷിബു ലൂക്കോസ്, ബിനോയി ഉലക്കപ്പാടി, സണ്ണി അഞ്ചില്‍, ടി. കുര്യന്, ഷീന്‍ സോളമന്, സംസ്ഥാന കമ്മറ്റിയംഗം ഡോ. ഷാജോ കണ്ടക്കുടി, ജോസി പുതുമന, ഏബ്രഹാം ചാക്കോ, ജേക്കബ് മാത്യു, ബാബു വടക്കേക്കളം, സിനീഷ് തോമസ്, ഷാജി ലോനപ്പന്, സണ്ണി കൊച്ചുപറമ്പില്‍, ജോപ്പന് വെള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.