ഒന്നര പതിറ്റാണ്ടായിട്ടും കൊറ്റി സംരക്ഷണമില്ല
1481584
Sunday, November 24, 2024 5:14 AM IST
എടത്വ: കൊറ്റി സംരക്ഷണം ഒന്നരപതിറ്റാണ്ടിനുശേഷവും പ്രാവര്‍ത്തികമായില്ല. അപ്പര്‍ കുട്ടനാട്ടിലെ ചെറുതന പഞ്ചായത്തിലെ കാഞ്ഞിരംതുരുത്ത് പാണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രഖ്യാപനം നടത്തിയ കൊറ്റി സംരക്ഷണമാണ് പ്രാവര്‍ത്തികമാകാതെ പ്രഖ്യാപനത്തോടെ തന്നെ അകാലചരമം പ്രാപിച്ചത്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണ് അപ്പര്‍ കുട്ടനാട്ടിലെ പച്ച-ചെക്കിടിക്കാട്, പാണ്ടി, വീയപുരം പഞ്ചായത്തിലെ പായിപ്പാട് എന്നീ പ്രദേശങ്ങളെ കൊറ്റി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തില്‍ 12 മാസവും പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദേശിയും സ്വദേശീയരമായ ഡസന്‍ കണക്കിന് കൊറ്റികളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.
പ്രഖ്യാപനത്തിനുശേഷം വീയപുരം പഞ്ചായത്തിലെ പായിപ്പാട് സര്‍ക്കാര്‍ വിത്തുല്പാദന കേന്ദ്രത്തിനു സമീപവും ചെറുതന പഞ്ചായത്തിലെ പാണ്ടി പുത്തനാര്‍ പാലത്തിന് തെക്കേ ക്കരയിലും അമ്പലപ്പുഴ- തിരുവല്ലാ സംസ്ഥാനപാതയില്‍ തകഴി പഞ്ചായത്തിലെ പച്ച ചെക്കിടിക്കാട് പാലത്തിന് പടിഞ്ഞാറെ കരയിലും ഉള്‍പ്പെടെ കൊറ്റി സംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍, ഈ ബോര്‍ഡുകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായത്. വനമേഖലയ്ക്കു സമാനമായി കാടുപിടിച്ചും ജനവാസം കുറഞ്ഞും കിടന്നിരുന്ന പ്രദേശത്ത് കൊക്ക് എന്ന പേരിലറിയപ്പെടുന്ന വിദേശയിനം ചെറുതും വലുതുമായ കൊറ്റികള്‍ കൂട്ടമായാണ് എത്തിയിരുന്നത്. കാഴ്ചയ്ക്ക് കൗതുകമുണര്‍ത്തുന്ന വലിയ കൊക്കുകളെ കാണാൻ നിരവധി ആളുകളും പ്രദേശത്ത് എത്തുമായിരുന്നു.
ഇവയുടെ സാന്നിധ്യം മനസിലാക്കിയ സാമൂഹ്യ വിരുദ്ധര്‍ എയര്ഗണ്ണ്, ചവണ, വല എന്നിവ ഉപയോഗിച്ച് കൊക്ക് വേട്ട നടത്താറുണ്ടായിരുന്നു.
ചെറുവള്ളങ്ങളില്‍ പ്രദേശത്ത് എത്തുന്ന സംഘം വേട്ടയാടി പിടിക്കുന്ന കൊക്കുകളെ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ കള്ളുഷാപ്പുകളില്‍ വില്‍ക്കുന്നതായിരുന്നു പതിവ്. ഷാപ്പുടമകള്‍ അയയ്ക്കുന്ന വേട്ടസംഘങ്ങള്‍ വരെ പ്രദേശത്ത് തമ്പടിച്ചിരുന്നു. കള്ളുഷാപ്പുകളിലൈ പ്രധാന വിഭവം തന്നെയായിരുന്നു കൊറ്റിയിറച്ചി. സര്‍ക്കാര്‍ ഇത് നിരോധിച്ചതോടെ വേട്ട സംഘങ്ങളില്‍ കുറവുവന്നിട്ടുണ്ട്.
നിരോധനം ഏര്‍പ്പെടുത്തിയ ശേഷവും ഷാപ്പുകളില്‍ കൊക്കിറച്ചി സുലഭമായി ലഭിക്കുമായിരുന്നു. നിരോധനം വന്നതോടെ വിഭവത്തിന് വില കുത്തനെ ഉയര്‍ന്നെന്ന് മാത്രം. നിരോധിത കൊക്കിറച്ചി ഷാപ്പുകളില്‍നിന്ന് പരിശോധക സംഘ പിടികൂടിയതിനെത്തുടര്‍ന്ന് ഷാപ്പ് പൂട്ടി സീല്‍ ചെയ്ത സംഭവവും കുട്ടനാട്ടില്‍ നിരവധി ഉണ്ടായിട്ടുണ്ട്.
കുട്ടനാട്ടില്‍ കൃഷിയിറക്ക് വേളയില്‍ ആയിരക്കണക്കിന് കൊറ്റികളാണ് പാടശേഖരങ്ങളില്‍ എത്തുന്നത്. കൗതുകമുണര്‍ത്തുന്ന കാഴ്ച കൂടിയാണിത്. പ്രഖ്യാപനത്തിന് അനുസരിച്ച് ഇവയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നാള്‍ക്കുനാള്‍ പ്രസക്തി ഏറുകയാണ്. വേട്ടയാടുന്നതിനെതിരെ എങ്കിലും നടപടി വേണമെന്ന ആവശ്യവും പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.