എഎസ് കനാല്‍ പദ്ധതി: ജനകീയ ശുചീകരണം ഇന്ന്
1481583
Sunday, November 24, 2024 5:14 AM IST
ചേര്‍ത്തല: സേവ് എഎസ് കനാൽ കർമപദ്ധതിയുടെ ഭാഗമായുള്ള ജനകീയശുചീകരണം ഇന്നു രാവിലെ ഏഴിന് ആരംഭിക്കും. നഗരസഭാ പരിധിയിൽ പിഎസ് കവല മുതൽ കുറിയമുട്ടം കായൽ വരെയുള്ള അഞ്ചുകിലോമീറ്റർ വരുന്ന എഎസ് കനാൽ ഭാഗമാണ് ശുചീകരിക്കുന്നത്.
ചേർത്തല നഗരസഭയുടെ ചേലൊത്ത ചേർത്തല കർമപദ്ധതിയുടെ ഭാഗമായി നടക്കുന്ന ശുചീകരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം മന്ത്രി പി. പ്രസാദ് നിർവഹിക്കും.
രാവിലെ ഏഴുമുതൽ 12 വരെ നടക്കുന്ന ശുചീകരണത്തിൽ കനാലിന്റെ ഇരുവശങ്ങളിലുമുള്ള 50 കേന്ദ്രങ്ങളിൽ നൂറുവീതം ആകെ അയ്യായിരത്തിൽപരം സന്നദ്ധ പ്രവർത്തകർ പങ്കെടുക്കും. വിവിധ കക്ഷി രാഷ്ട്രീയ കലാ-സാംസ്കാരിക സംഘടനകളിലേയും യുവജന സംഘടനകളിലേയും അംഗങ്ങൾ വാളണ്ടിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കൂടാതെ നഗരത്തിലെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, വിമുക്തഭടന്മാർ തുടങ്ങിയവരും ഈ മെഗാശുചീകരണത്തിൽ പങ്കാളികളാകും.