കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുപ്പിക്കരുത്: മന്ത്രി ശിവൻകുട്ടി
1461086
Tuesday, October 15, 2024 12:20 AM IST
കായംകുളം: കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുക്കാൻ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏവൂർ വടക്ക് ഗവ.എൽപി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിനാകെ മാതൃകയാണ്. കേരളത്തിലെമ്പാടും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 5000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
കേരളത്തിലെ കുട്ടികൾ ഇന്ത്യയിൽ ഏത് പരീക്ഷയെഴുതിയാലും ഒന്നാംസ്ഥാനത്ത് എത്തുന്നതിനുള്ള പഠനം അവർക്ക് ആവശ്യമാണ്. അതിനുവേണ്ടിയുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുക്കാൻ ഉപയോഗിക്കരുത്. ഏവൂർ വടക്ക് ഗവ. എൽപി സ്കൂളിൽ ആധുനികരീതിയിലുള്ള ഒരു കെട്ടിടം പണിയുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വിശ്വപ്രസാദ്, പഞ്ചായത്തംഗങ്ങളായ എം. മണിലേഖ, ജാസ്മിൻ, ഐ. തമ്പി, ഹെഡ്മിസ്ട്രസ് മിനി കെ. നായർ, പ്രഫ. ഗിരീഷ്കുമാർ, ശരത്ചന്ദ്രലാൽ, മുട്ടം സി.ആർ. ആചാര്യ തുടങ്ങിയവർ പ്രസംഗിച്ചു.