ക്ഷേത്രത്തിലെ ആചാര ലംഘനം: കീഴ്ശാന്തിയെ താത്കാലികമായി മാറ്റി
1461084
Tuesday, October 15, 2024 12:20 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെ കീഴ്ശാന്തിയുടെ നേതൃത്വത്തിൽ ശ്രീകോവിലിനുള്ളിൽ കയറി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ഒരുക്കി നൽകിയ സംഭവത്തിൽ കീഴ്ശാന്തി ജയനാരായണൻ നമ്പൂതിരിയെ താത്കാലികമായി മാറ്റിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ആർ. മീര പറഞ്ഞു.
ഇതുസംബന്ധിച്ച് കീഴ്ശാന്തിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉപദേശകസമിതി പ്രസിഡന്റ് എൻ.ആർ. രതീഷ് കുമാർ, സെക്രട്ടറി എം.എച്ച്. വൈശാഖൻ, വൈസ് പ്രസിഡന്റ് ആർ. പ്രദീപ് കുമാർ, ഭക്തജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച വൈകിട്ടാണ് ക്ഷേത്രആചാരത്തിന് വിരുദ്ധമായ സംഭവം നടന്നത്. വിഷയം സംബന്ധിച്ച് ദേവസ്വം അസി. കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. സംഭവം അറിഞ്ഞ് മാവേലിക്കരയിൽ നിന്നു ദേവസ്വം വിജിലൻസ് ഓഫീസർമാരെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.