ബസിൽനിന്നു ഡീസൽ മോഷണം: രണ്ടു ജീവനക്കാർ അറസ്റ്റിൽ
1460854
Monday, October 14, 2024 2:44 AM IST
ചാരുംമൂട്: ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസില്നിന്നു ഡീസല്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി കല്ലേലിഭാഗം കയ്യാലേത്ത് വീട്ടില്‍ സുധീഷ് (29), കരുനാഗപ്പള്ളി കല്ലേലിഭാഗം സുരജിത്ത് ഭവനത്തില്‍ സുരജിത്ത് (23) എന്നിവരാണ് പിടിയിലായത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇരുവരും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരാണ്. താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിനു സമീപം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന താമരക്കുളം സ്വദേശി അബ്ദുൾ ബഷീറിന്റെ ഉടമസ്ഥതയിലുള്ള അഫ്സാനമോള് എന്നു പേരുള്ള രണ്ട് ബസുകളില്‍നിന്നാണ് കഴിഞ്ഞ ഏഴിന് രാത്രി ഡീസല്‍ മോഷ്ടിച്ചത്.
പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചിരുന്നു. എന്നാല്‍ ഓട്ടം തുടങ്ങി യ ഉടൻ ബസ് നിന്നതോടെയാണ് ഡീസല്‍ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാഗണര്‍ കാര്‍ ബസിനു സമീപം നിര്‍ത്തിയ ശേഷം കാറില്‍ നിന്നിറങ്ങിയ ആള് കന്നാസില്‍ ഡീസല്‍ പകര്ന്നുകൊണ്ടുപോകുന്നത് കണ്ടത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 190 ലിറ്റര്‍ ഡീസലാണ് പ്രതികള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
മറ്റു ബസുകളില്‍നിന്നു മോഷ്ടിക്കുന്ന ഡീസല്‍ ഉപയോഗിച്ച് ഇവര്‍ ജോലിചെയ്യുന്ന ബസ് സര്‍വീസ് നടത്തുകയും ഡീസലിന്റെ തുക ഇരുവരും വീതിച്ചെടുക്കുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ സുധീഷ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സമാനമായ കേസിലും ബാറ്ററി മോഷണക്കേസിലും പ്രതിയാണെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.