ബസിലിക്കയും പുഷ്പമുടി സമർപ്പണവും
1460685
Saturday, October 12, 2024 3:12 AM IST
ചമ്പക്കുളം: കല്ലൂര്‍ക്കാട് ബസിലിക്കയിലെ ഒക്ടോബര്‍ മാസത്തിലെ മാതാവിന്റെ ദര്ശനത്തിരുനാളിലെ ഒരു പ്രത്യേക ഭക്താനുഷ്ഠാനമാണ് പുഷ്പമുടി സമര്‍പ്പണം. ബസിലിക്കയിലെ മദ്ബഹയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം കൈയില്‍ ചുവന്ന റോസാപുഷ്പം പിടിച്ച് നിൽക്കുന്ന രൂപത്തിലുള്ളതാണ്. ജപമാലയുടെ ഒരു പ്രതീകമാണ് റോസപ്പൂവ്.
ഇംഗ്ലീഷില്‍ റോസറി എന്ന പദമാണ് ജപമാലയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ മൂലപദം റൊസേരിയും എന്നാണ്. റോസാപൂമാല എന്നാണ് അര്‍ഥം. പണ്ട് ഡൊമിനിക്കന്‍ സന്യാസിമാര്‍ ജപമാല പ്രാര്‍ഥന ചൊല്ലുമ്പോള്‍ ഓരോ ജപമാല മണിക്കും ഓരോ റോസാപുഷ്പം മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
ജപമാലയുടെ അവസാനം ഈ പുഷ്പങ്ങള്‍ കോര്‍ത്ത് ഹാരമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തില്‍ അണിയിക്കും. ഈ പതിവില്‍നിന്നാണ് ജപമാല, റോസപൂമാല എന്നര്‍ഥമുള്ള റോസറി എന്ന് അറിയപ്പെട്ട് തുടങ്ങിയത്.
ജപമാലയുടെ പ്രതീകമായ റോസാപുഷ്പം കൈയിലേന്തി നിൽക്കുന്ന കല്ലൂര്‍ക്കാട് പള്ളിയുടെ മധ്യസ്ഥയായ പരിശുദ്ധ അമ്മയ്ക്ക് റോസാപൂക്കള്‍ കൊണ്ട് കൊരുത്ത പുഷ്പമുടി സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന അര്‍ഥവത്തായ ഒരു ആചാരമാണ് ഇവിടുത്തെ പുഷ്പമുടി സമര്‍പ്പണം. ഒരു ജപമാല രഹസ്യത്തിലെ പത്ത് മണികളുടെ പ്രതീകമായി പത്തു ചുവന്ന റോസപ്പൂക്കള്‍ ചേര്‍ത്ത് പുഷ്പ മുടി ഒരുക്കിയിരിക്കുന്നു. പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് കൊടിയേറുന്ന ആദ്യദിനം തന്നെ ആഘോഷമായി പുഷ്പമുടി ആശീര്‍വാദം നടത്തും.
ബസിലിക്കയിൽ ഇന്ന്
രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, 9.30ന് രോഗികൾക്കായി കുമ്പസാരം, ആരാധന, വിശുദ്ധ കുർബാന, ഉച്ചയ്ക്ക് ഒന്നിന് സമ്പൂർണ ബൈബിൾ പാരായണം. വൈകുന്നേരം നാലിന് ജപമാല, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം.