200 വര്‍ഷം, 200 മിനിറ്റ്, 200 പേര് സമ്പൂര്‍ണ ബൈബിള്‍ പാരായണം
1460504
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ 200 പേര് ചേര്‍ന്ന് 200 മിനിറ്റുകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പാരായണം ചെയ്യുന്നു. 1824ല്‍ ചമ്പക്കുളം കല്ലൂര്‍ക്കാട് പള്ളിയില്‍ ആരംഭം കുറിച്ച ദര്ശനസഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 200 പേര് ചേര്‍ന്ന് 200 മിനിറ്റുകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പാരായണം സംഘടിപ്പിച്ചിരിക്കുന്നത്.
ബൈബിളിലെ പഴയനിയമം ഉത്പത്തി മുതല്‍ പുതിയ നിയമത്തിലെ വെളിപാടു വരെയുള്ള ഭാഗം ഇരുനൂറ് പേര് നിശ്ചിത അധ്യായങ്ങള്‍ വീതം ഒരേ സമയത്ത് പാരായണം ചെയ്യും.
കേരളത്തിലെ സുറിയാനി പള്ളികളില്‍ ആദ്യമായി ദര്‍ശനം സമുഹം തുടക്കം കുറിച്ചത് ചമ്പക്കുളം കല്ലൂര്‍ക്കാട് പള്ളിയിലായിരുന്നു. സിഎംഐ സഭാ സഹസ്ഥാപകനും കല്ലൂര്‍ക്കാട് ഇടവകാംഗവുമായിരുന്ന പോരുക്കര തോമ്മാ മല്പാന്റെ പ്രേരണയാലും ആത്മീയ മേല്‍നോട്ടത്തിലുമാണ് കല്ലൂര്‍ക്കാട് പള്ളിയില്‍ ദര്‍ശന സഭയ്ക്കു തുടക്കം കുറിച്ചത്. മധ്യദശകങ്ങളില്‍ യൂറോപ്പില്‍ സന്യാസഭവനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നിരുന്ന അല്മായരുടെ ഒരു സമൂഹമായിരുന്നു ദര്ശനസമൂഹങ്ങള്. പിൽക്കാലത്ത് അവ ദേവാലയ കേന്ദ്രീകൃതമായി മാറി.
സന്യാസസഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദര്‍ശം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നവരുടെ സമൂഹമായിട്ടാണ് ദര്‍ശന സമൂഹങ്ങള്‍ രൂപപ്പെട്ടത്.
ദര്ശാസഭാ അംഗങ്ങളും ഇടവകാംഗങ്ങളും ചേര്‍ന്ന് 12ന് ഉച്ചയ്ക്ക് ഒന്നിന് സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തുന്നത്. ഒമ്പതിന് ആരംഭിച്ച് 20ന് സമാപിക്കുന്ന കല്ലൂര്‍ക്കാട് പള്ളിയിലെ പുഷ്പ റോസ് മാതാവിന്റെ 200-ാമത് ദര്‍ശന ത്തിരുനാളിനോടനുബന്ധിച്ചാണ് ബൈബിള്‍ പാരായണം നടത്തുന്നത്.
16 നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കല്ലൂര്‍ക്കാട് പള്ളിയുടെ മൂന്ന് നൂറ്റാണ്ടിനപ്പുറത്ത് സിലോണ്‍ കലാകാരന്മാരുടെ കരവിരുതില്‍ രൂപപ്പെട്ട ചിത്രാങ്കിതമായ കല്ലൂര്‍ക്കാട് പള്ളിയില്‍ ഇരുന്ന് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനും പങ്കാളികളാകാനുമുള്ള ഒരുക്കത്തിലാണ് ഇടവകക്കാര്.
തങ്ങളുടെ പ്രിയപ്പെട്ട റെക്ടര്‍ (കപ്ലോന്‍ വികാരി) ഗ്രിഗറി ഓണംകുളം അച്ചന് വളരെ താത്പര്യമെടുത്ത് നടത്താനിരുന്നതാണ് സമ്പൂര്‍ണ ബൈബിള്‍ പാരായണം. ഒക്ടോബര്‍ 3ന് അച്ചന്റെ ആകസ്മിക വേര്പാടിന് മുന്‍പ് തന്നെ ഈ മഹാ സംഭവത്തിനുവേണ്ട ഒരുക്കങ്ങള്‍ അച്ചന് നടത്തിയിരുന്നു.