കൊല്ലം-ആലപ്പുഴ-എറണാകുളം ട്രെയിന്‍ വേണം: കെ.സി. വേണുഗോപാല്‍
1460112
Thursday, October 10, 2024 12:11 AM IST
ആലപ്പുഴ: തീരദേശപാതവഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു. വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ ജനറല്‍ മാനേജരുമായി എംപി ചര്‍ച്ച നടത്തി.
രാവിലെ കോഴിക്കോട്ടേക്കു പോകുന്ന ജനശതാബ്ദിക്കു പിന്നാലെ കൊല്ലത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ലോക്സഭാ മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനകളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശദമായ കത്തും വേണുഗോപാല്‍ ജനറല്‍ മാനേജര്‍ക്ക് നല്കി.
കേരളത്തിലെ പാത ഇരട്ടപ്പിക്കല്‍ ആവശേഷിക്കുന്ന ഏക മേഖലയായ എറണാകുളം- അമ്പലപ്പുഴ ഭാഗത്ത് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് എംപി ഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഫണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍മാണപ്രവര്‍ത്തനം നടക്കുന്നില്ല. പിഎം ഗതിശക്തി സംരംഭത്തിന് കീഴിലുള്ള 56-ാമത് നെറ്റുവര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഈ സ്ട്രെച്ചിനെ ഉള്‍പ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പാസഞ്ചര്‍, മെമു ട്രെയിന്‍ യാത്രക്കാരുടെ ദുരിതങ്ങളും ജനറല്‍ മാനേജരെ എംപി ധരിപ്പിച്ചു. തീരദേശപാതകളിലൂടെ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണംവര്ധിപ്പിക്കുക. പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു. ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ ആലപ്പുഴയില്‍നിന്ന് രാവിലെ 7.25 ന് പുറപ്പെടുന്ന മെമു ട്രെയിനില്‍ നല്ല തിരക്കാണ്. ഇത് പരിഹരിക്കാന്‍ കോച്ചുകളുടെ എണ്ണം 16 ആക്കണം.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് എന്‍എസ് ജി 3യില്‍ വിഭാഗത്തിലാണുള്ളത്. ഇതനുസരിച്ച് ഇവിടെ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ എത്രയും വേഗം പൂര്‍ത്തിയാക്കണം. ആലപ്പുഴയുടെ അന്തര്‍ദേശീയ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് എന്‍എസ് ജി 1 വിഭാഗത്തിലേക്ക് ഉയര്‍ത്തണമെന്നും അധിമകമായി രണ്ടു പ്ലാറ്റ്ഫോമുകള് കൂടി നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കൂടാത വന്ദേഭാരത് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ക്ക് കായംകുളം ജംഗ്ഷനിലും കൊച്ചുവേളിയില്‍നിന്ന് തീരദേശപാത വഴി പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവടങ്ങളിലും എറനാട് എക്സ്പ്രസിന് മാരാരിക്കുളത്തും സ്റ്റോപ് അനിവാര്യമാണെന്നും എംപി പറഞ്ഞു.
16 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണി സാധ്യമാക്കാന്‍ കൊല്ലം മെമു ഷെഡ് വികസിപ്പിക്കുന്നതിന് 42 കോടിയുടെ കരാര്‍ എടുത്തിട്ടുണ്ടെങ്കിലും റെയില്‍വേയും കൊല്ലം കോര്‍പ്പറേഷനും തമ്മിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കാരണം തുടര്‍നടപടികള്‍ തടസ്സപ്പെടുന്നത് പരിഹരിക്കാന്‍ റെയില്‍വെ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും എംപി ദക്ഷിണ റെയില്‍വെ മാനേജരോട് ആവശ്യപ്പെട്ടു.