കിസാൻ സഭ ജില്ലാ സമ്മേളനം സമാപിച്ചു
1459415
Monday, October 7, 2024 4:14 AM IST
ഹരിപ്പാട്: കർഷക ക്ഷേമനിധി ബോർഡിന്റെ പ്രഖ്യാപിത ആനുകൂല്യങ്ങൾ കർഷകരുടെ ജീവിതപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഉതകുന്നതാണെന്നിരിക്കെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കാത്ത ധനവകുപ്പിന്റെ സമീപനം അങ്ങേയറ്റം അപലപനീയമെന്ന് കിസാൻ സഭ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ പറഞ്ഞു.
നെല്ലിന് കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കപ്പെട്ട താങ്ങുവില വർധിപ്പിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിലെ സംഭരണ വില വർധിപ്പിക്കണമെന്നും കേന്ദ്ര ഗവൺമെന്റ് കേരളത്തിനു നൽകാനുള്ള നെല്ലുവില സമയബന്ധിതമായി നൽകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹരിപ്പാട് കുമാരപുരത്ത് നടന്ന പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കൃഷിക്ക് ആവശ്യമായ തുക അനുവദിക്കാതിരിക്കുകയും അതോടൊപ്പം ഭക്ഷ്യ,വളം സബ്സിഡികളിൽ വലിയതോതിൽ കുറവു വരുത്തുകയും ചെയ്തതു മൂലം പൊതുവിതരണം താറുമാറാവുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നതെന്ന് സത്യൻ മൊകേരി പറഞ്ഞു. കാർഷികമേഖലയെ ആശ്രയിച്ച ജനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുകയും ചെയ്തായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. രവി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി ഇ.ബി. വേണുഗോപാൽ, ടി.ടി. ജിസ്മോൻ, എസ്. സോളമൻ, അഡ്വ. ജോയിക്കുട്ടി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. കൃഷ്ണപ്രസാദ് (പ്രസിഡന്റ്), പി. സുരേന്ദ്രൻ, ടി.കെ. സോമനാഥൻ പിള്ള, ജി. ഹരികുമാർ, കെ. കമലാദേവി (വൈസ് പ്രസിഡന്റുമാർ) ആർ. സുഖലാല് (സെക്രട്ടറി), പി.കെ. സദാശിവൻ പിള്ള, കെ.ജി. സന്തോഷ്, കെ.ജി. പ്രിയദർശനൻ, കെ. ജയമോഹനൻ (ജോ. സെക്രട്ടറിമാർ), പി.എം. വിദ്യാധരൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.