ചികിത്സാസഹായനിധിയിൽ തട്ടിപ്പ്: പോലീസിൽ പരാതി നൽകി കോൺഗ്രസ്
1459213
Sunday, October 6, 2024 3:16 AM IST
അമ്പലപ്പുഴ: വൃക്കരോഗ ബാധിതയായ യുവതിയുടെ പേരിൽ സമാഹരിച്ച ചികിത്സാ സഹായ നിധിയിൽ നടത്തിയ തട്ടിപ്പിനെതിരേ കോൺഗ്രസ് പോലീസിൽ പരാതി നൽകി.
അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ ആർ. സജിമോന്റെ ഭാര്യ ജീജ(33)യ്ക്കായി സമാഹരിച്ച തുക അക്കൗണ്ടിൽ നിക്ഷേപിക്കാതെ കൈയിൽ വച്ച ചെയർമാൻ എച്ച്. സലാം എംഎൽഎ,
കൺവീനർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജുമോൻ എന്നിവർക്കെതിരേയാണ് കോൺഗ്രസ് പരാതി നൽകിയത്. 2021 ഓഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 12, 13, 14, 15, 16, 17, 18 വാർഡുകളിൽനിന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 1, 12, 14, 15 എന്നീ വാർഡുകളിൽ നിന്നുമായി 22,380,85 രൂപയാണ് സമാഹരിച്ചത്.
ഇതിൽ 22,350 രൂപ ജനകീയ സമിതിയുടെ പ്രചാരണ ചെലവുകൾക്കു മാറ്റി. ബാക്കി തുക അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ ജനകീയ സമിതിയുടെ ചെയർമാൻ എച്ച്. സലാം എംഎൽഎ കൺവീനർ യു. രാജുമോൻ എന്നിവരുടെ പേരിൽ നിക്ഷേപിക്കാനും ചികിത്സ ചെലവിന് ആവശ്യമായ തുക ഓരോ ഘട്ടമായി ചെക്ക് വഴി ജീജയുടെ കുടുംബത്തിന് ഏൽപ്പിക്കാമെന്നുമായിരുന്നു തീരുമാനം.
എന്നാൽ, മൂന്നരവർഷം പിന്നിട്ടിട്ടും തുക ബാങ്കിലടയ്ക്കാതെ ഭാരവാഹികൾ കൈവശം വയ്ക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ പരാതി. ജീജ ചികിത്സാ സഹായ സമിതിയുടെ പണമിടപാട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തുവിടാൻ ചികിത്സസഹായ സമിതിയുടെ ചെയർമാനായ എം എൽഎയും സിപിഎം നേതാവായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനറൽ കൺവീനർ യു. രാജുമോനും തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.